March 27, 2026

ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മാണം വൈകിയത് സര്‍ക്കാര്‍ സ്ഥലം നല്‍കാത്തതിനാല്‍, അവസാനഘട്ടം പിന്മാറി, കഴിവുകെട്ട സര്‍ക്കാര്‍’; ആരോപണവുമായി വി.ഡി. സതീശൻ

Share

 

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതർക്ക് കോണ്‍ഗ്രസ് വെച്ച്‌ നല്‍കുമെന്ന് പറഞ്ഞ വീടുകള്‍ നിർമ്മിക്കാനുള്ള സ്ഥലം സർക്കാർ തന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാഗ്ദാനം ചെയ്ത സ്ഥലം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്മാറിയതിനാലാണ് വീടുകളുടെ നിർമാണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

 

ആദ്യ ഘട്ടമായി കോണ്‍ഗ്രസ് മൂന്നരയേക്കർ സ്ഥലമെടത്തു. രണ്ടാം ഘട്ടം സ്ഥലമേറ്റെടുക്കലിന്റെ രജിസ്ട്രേഷൻ നടപടികള്‍ക്ക് തുടക്കമായി. അത് പൂർത്തിയായാല്‍ തറക്കല്ലിടും. സർക്കാർ ഭൂമിയേറ്റെടുക്കാൻ ഒരുവർഷമെടുത്തു. ഞങ്ങള്‍ക്ക് സ്ഥലം മേടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് വീടുവെയ്ക്കാനുള്ള സ്ഥലം സർക്കാർ തരുമെന്ന് പറഞ്ഞു. അവസാന ഘട്ടത്തില്‍ സർക്കാർ അതിന് തയാറായില്ലെന്നും സതീശൻ ആരോപിച്ചു.

 

സർക്കാർ പിന്മാറിയതോടെ ഞങ്ങള്‍ വേറെ സ്ഥലം നോക്കി. നാല് മാസം കൊണ്ട് സ്ഥലം കണ്ടെത്തി. സർക്കാരിന് സ്ഥലം കണ്ടെത്താൻ ഒരുവർഷം വേണ്ടിവന്നു. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍കൂടി ആക്ഷേപിക്കുകയും സിദ്ദീഖിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു. വയനാട് ഭൂമിയെടുക്കുമ്പോള്‍ നിരവധി നിയമപ്രശ്നങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു. അവിടെ നിർമാണവും ആരംഭിക്കും.

 

100 വീടുകള്‍ നിർമിക്കാനുള്ള പണം നല്‍കിയത് കർണാടക സർക്കാരാണ്. ലീഗിന്റെ 52 വീട് പൂർത്തിയായി കൈമാറ്റം ചെയ്യാൻ പോകുകയാണ്. കോണ്‍ഗ്രസും ചെയ്യുന്നു. സർക്കാർ 1642 കോടി രൂപ വാങ്ങിവെച്ചിട്ട് ചികിത്സക്ക് പോലും പാവങ്ങള്‍ക്ക് പണം നല്‍കുന്നില്ല. ഒരു റോഡുപോലും പണിതില്ല, ഒരു പാലം പോലുമില്ല. പാവങ്ങളുടെ പേരില്‍ പണം വാങ്ങിയിട്ട് കയ്യില്‍ സൂക്ഷിച്ചിട്ട് അവർക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ല. ദുരന്തബാധിതരുടെ പട്ടിക പോലും കൃത്യമായി തയ്യാറാക്കാൻ കഴിയാത്ത കഴിവുകെട്ട സർക്കാർ ആണ് നമുക്ക് ഉള്ളതെന്നും രൂക്ഷമായ ഭാഷയില്‍ പ്രതിപക്ഷ നേതാവ് വിമർശിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.