പനമരത്തെ ഗുണ്ടാ വിളയാട്ടം : രണ്ടുപേർ പിടിയിൽ
പനമരം : പനമരത്ത് ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടുപേർ പിടിയിൽ. ചീക്കലൂർ സ്വദേശി വിഷ്ണു (20 ), പുഞ്ചവയൽ സ്വദേശി അനീഷ് ( 23 ) എന്നിവരെയാണ് പനമരം എസ്.ഐ എം.കെ റസാക്കിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പനമരം ഹൈസ്കൂൾ റോഡിൽ പലചരക്ക് കച്ചവടം നടത്തുന്ന അനിൽകുമാറിനെ ആക്രമിക്കുകയും ചാലിൽ ഭാഗത്തെ വീടിൻ്റെ ജനാല തകർക്കുകയും ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്.
തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഹൈസ്കൂൾ റോഡരികിലെ സ്ഥാപനത്തിൽ എത്തിയ മൂവർ സംഘം സിഗരറ്റ് ചോദിച്ചു. സ്കൂൾ പരിസരമായതിനാൽ ഇല്ലെന്ന് കടയുടമ പറഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം കടയിലെ മിഠായി കുപ്പികൾ റോഡിലേക്ക് എറിഞ്ഞു തകർക്കുകയും, കടയുടമയെ കുപ്പി കൊണ്ടും ഷട്ടർ താഴ്ത്താൻ ഉപയോഗിക്കുന്ന വടി കൊണ്ടും തലയ്ക്കടിച്ചു ഗുരുതര പരിക്കേല്പിപ്പിച്ചിരുന്നു. സമീപവാസികൾ എത്തിയതോടെ കടന്നുകളഞ്ഞ ഇവർ ടൗണിലെ ഒരു കാറിൻ്റെ ചില്ല് തകർക്കാനും ശ്രമം നടത്തി. തുടർന്ന് പനമരം പഴയ നടവയൽ റോഡിലൂടെ ചാലിൽ ഭാഗത്തെത്തി. മണന്തല ഹബീബിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ നോക്കി. വീടിന്റെ ജനാലകൾ തകർക്കുകയും, കൊലവിളി നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ശേഷം മേച്ചേരി ഭാഗത്തും സമാന സംഭവങ്ങളുണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നു.
സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് പ്രതികളെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. എന്നാൽ സി.സി ടിവി ക്യാമറകൾ പരിശോധിച്ചും സ്കൂൾ പരിസരത്ത് വൈകുന്നേര സമയങ്ങളിൽ വരാറുള്ളവരെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിലാണ് പ്രതികളെ രണ്ടുദിവസത്തിനകം പിടികൂടാൻ കഴിഞ്ഞത്. കോളനി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിനെ തരുവണയിൽ നിന്നും അനീഷിനെ കൂടോത്തുമ്മൽ വെച്ചുമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒരു പ്രതിയെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്ക് വേണ്ടി പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.
സീനിയർ സി.പി.ഒമാരായ അനൂപ് എം. രാജൻ, കെ.ജെ ജിൻസ്, എസ്.രതീഷ്, പി.എസ് അജേഷ്, ഇ.എൽ ജോൺസൺ, സി.ആർ മോഹൻദാസ്, സി.പി.ഒമാരായ എം.എ ശിഹാബ്, പി. നിഷാദ്, എ.സി ധനേഷ്, ഇ.ജി വിനായകൻ, പി.രഘു, ടി.എം സുനിൽ തുടങ്ങിയവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
