മലയോരഹൈവേ നിർമാണം : സ്ഥലമുടമുകളുടെ ആശങ്കയകറ്റാൻ പനമരത്ത് യോഗം ചേർന്നു
പനമരം : മലയോരഹൈവേ നിർമാണവുമായി ബന്ധപ്പെട്ടുള്ള വ്യാപാരികളുടേയും നാട്ടുകാരുടേയും ആശങ്കകൾ പരിഹരിക്കുന്നതിനായി പനമരം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ഒ.ആർ. കേളു എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
130 കോടിരൂപ മുടക്കി നിർമിക്കുന്ന
മലയോരഹൈവേ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൈതക്കൽ മുതൽ പച്ചിലക്കാട് വരെ റോഡരികിലുള്ള സ്ഥലമുടമുകളുടെ ആശങ്കയ്ക്ക് അറുതി വരുത്തുന്നതിനായിരുന്നു യോഗം ചേർന്നത്.
ബോയ്സ് ടൗണിൽ നിന്നും ആരംഭിച്ച് പച്ചിലക്കാട് വരെ നീളുന്ന റോഡിന് 12 മീറ്റർ വീതിയാണ് ഉണ്ടാവുക. ഡ്രെയ്നേജും ഫുട്പാത്തും ഉൾപ്പെടുന്ന അളവാണ് 12 മീറ്റർ. ഇതിൽ 7.5 മീറ്റർ റോഡിന് ശേഷമുള്ള ഭാഗമാണ് മറ്റു കാര്യങ്ങൾക്കായി നീക്കി വെക്കുക.
റോഡിന്റെ മധ്യഭാത്ത് നിന്നാണ് ഇരുവശത്തേക്കും അളവ് നോക്കുക എന്ന പൊതുധാരണ ശരിയല്ല എന്നും, വൻ വളവുകളും അപകട സാധ്യതയുള്ളതുമായ ചില സ്ഥലങ്ങളിലും ഭൂവുടമുകളുമായി സൗഹൃദമായി ബന്ധപ്പെട്ട് കൊണ്ടാണ് വീതി നിർണ്ണയിക്കുക എന്നും എം.എൽ.എ വിശദമാക്കി.
പനമരം പാലത്തിന്റെ വീതി വർധിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ വശത്തായി നടപാത ഒരുക്കുന്നകാര്യം പരിഗണനയിൽ ഉണ്ടെന്നും
എം.എൽ.എ സൂചിപ്പിച്ചു. നിർമാണത്തിന് തടസ്സമാകുന്ന മരങ്ങളും മുറിച്ചു മാറ്റപ്പെടും. ബോയ്സ് ടൗണിൽ നിന്നുമാരംഭിച്ച് വാളൽ – കുഞ്ഞോം –
നിരവിൽപുഴ – തൊട്ടിൽപാലം വഴി മറ്റൊരു റോഡും മലയോര ഹൈവേയുടെ ഭാഗമായി തന്നെ ഉണ്ടാകും.
ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന് യാതൊരു പ്രതിഫലവും നൽകുന്നതല്ലെന്നും എം.എൽ.എ വ്യക്തമാക്കി. മലയോരഹൈവേയുടെ ഭാഗമായി കൈതക്കൽ മുതൽ പച്ചിലക്കാട് വരെയുള്ള ഭാഗങ്ങളിലെ കലുങ്ക് നിർമാണം നിലവിൽ പുരോഗമിക്കുകയാണ്.
വടക്കേ വയനാടിനെയും തെക്കേ വയനാടിന്റെയും ബന്ധിപ്പിക്കുന്നതാണ് മലയോര ഹൈവേ. ബോയ്‌സ് ടൗണില്‍ നിന്നാരംഭിച്ച് തലപ്പുഴ-മാനന്തവാടി നഗരം വഴി കോഴിക്കോട് റോഡിലൂടെ നാലാംമൈല്‍-പനമരം-പച്ചിലക്കാട് വരെയും, വാളാട് മുതല്‍ കുങ്കിച്ചിറ വരെയും ഉള്ള റോഡുകളാണ് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബോയ്‌സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധിപാര്‍ക്ക് വരെ 13 കിലോമീറ്റർ ദൂരവും മാനന്തവാടിയിൽ നിന്ന് പച്ചിലക്കാട് വരെ 19.5 കിലോമീറ്റർ ദൂരവുമാണുള്ളത്. വാളാട് മുതല്‍ കുങ്കിച്ചിറ വരെയുള്ള 10 കിലോമീറ്റർ ദൂരവും മലയോര ഹൈവ് പദ്ധതിയിലുൾപ്പെടും.
സ്ഥലം ഉടമകളുടെയും വ്യാപാരികളുടെയും ആശങ്കകൾ ദൂരികരിച്ചു കൊണ്ടുള്ള ചർച്ചയിൽ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
പനമരം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ആസ്യ, സ്ഥിരംസമിതിയംഗം കെ.ടി സുബൈർ, വാസു അമ്മാനി, ബ്ലോക്ക് അംഗം സജേഷ് സെബാസ്റ്റ്യൻ, പൊതുമരാമത്ത് ജീവനക്കാർ, വ്യാപാരികളും യോഗത്തിൽ സംബഡിച്ചു.
ചിത്രം : പനമരം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവർ
