September 21, 2024

കാട്ടാന ആക്രമണം ഉണ്ടായ പടമലയിൽ കടുവയും : റോഡ് ഉപരോധിച്ച് നാട്ടുകാർ

1 min read
Share

 

മാനന്തവാടി : പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെ കണ്ടതായി പ്രദേശവാസികള്‍. പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരില്‍ ആശങ്ക കൂടിയിട്ടുണ്ട്. ഇതിനിടയില്‍ ഒരാഴ്ചക്കിടെ തൃശിലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയന്‍കുന്ന് പരിസരങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഒണ്ടയങ്ങാടി എടമുണ്ടക്കുന്നില്‍ വാഴത്തോട്ടത്തില്‍ കടുവയുടെ വ്യക്തമായ കാല്‍പ്പാടുകള്‍ പതിഞ്ഞിരുന്നു. പല എസ്റ്റേറ്റുകളിലും, സ്വകാര്യ തോട്ടങ്ങളിലും അടിക്കാടുകള്‍ വെട്ടാത്തത് കടുവയെ പോലുള്ള വന്യമൃഗങ്ങള്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങാന്‍ കാരണമാവുന്നുണ്ട്.

 

അതേസമയം, ജനവാസ മേഖലയിൽ കടുവയിറങ്ങിയ പശ്ചാത്തലത്തിൽ പൊതുജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭി ക്കണമെന്നാവശ്യപ്പെട്ട് പടമലയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. പാൽവെളിച്ചം-കുറുവാ ദ്വീപ് റോഡാണ് ഉപരോധിക്കുന്നത്. നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്ന ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരമുണ്ടായിട്ടും മനുഷ്യ ജീവനേക്കാൾ മൃഗങ്ങളുടെ ജീവന് പ്രാധാന്യം നൽകുന്ന ഉന്നത വനപാലകരുടെ ജനവിരുദ്ധ നിലപാട് തിരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, കർഷകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.