April 20, 2025

ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ ഇനി വൈദ്യുതി മുടങ്ങില്ല; എച്ച്.ടി വൈദ്യുതി കണക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

Share

 

മാനന്തവാടി : ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇനി മുതല്‍ വൈദ്യുതി മുടങ്ങില്ല. ആശുപത്രിയില്‍ സ്ഥാപിച്ച ഹൈ ടെന്‍ഷന്‍ വൈദ്യുതി കളക്ഷന്റെ പ്രവര്‍ത്തന ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വ്വഹിച്ചു. ആശുപത്രിയില്‍ പുതിയതായി സ്ഥാപിക്കുന്ന ആധുനിക സൗകര്യങ്ങളടുകൂടിയ സി.ടി സിമുലേറ്ററിനും എക്‌സറെ യൂണിറ്റിനും ആവശ്യമായ പവര്‍ സപ്ലൈയുടെ അപര്യാപ്തത പരിഹരിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50,42,000 രൂപ ചെലവഴിച്ച് എച്ച്.ടി വൈദ്യുതി കണക്ഷന്‍ സ്ഥാപിച്ചത്.

 

കെ.എസ്.ഇ.ബി എച്ച്.ടി വൈദ്യുത കണക്ഷനോടൊപ്പം 315 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറും പാനല്‍ ബോര്‍ഡുകളും സി.ടി സിമുലേറ്റര്‍ റൂമില്‍ എ.സിയും ഉള്‍പ്പെടെ പ്രവര്‍ത്തന ക്ഷമമായതോടെ ആശുപത്രി മുഴുവനായും ഒരൊറ്റ വൈദ്യുത സംവിധാനത്തിലായി. ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി ആസ്പിരേഷണല്‍ ജില്ലാ ബോണസായി 5 കോടി രൂപ ആശുപത്രിയുടെ വികസനത്തിനായി പ്രഖ്യാപിച്ചു. വീടുകളിലെത്തി ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തുന്നതിനായി മൊബൈല്‍ സ്‌ക്രീനിംഗ് വാഹനം ലഭ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

വയനാട് ജില്ലയിലെ ഏറ്റവും സാധാരണക്കാരായ ആളുകള്‍ക്ക് ഉള്‍പ്പെടെ ക്യാന്‍സര്‍ ചികിത്സ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. 1994 ല്‍ ആരംഭിച്ച ആശുപത്രി 2013 ല്‍ ജില്ലാ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തി. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ന്യൂട്രോപ്പീനിയ വാര്‍ഡ് എന്നിവയും ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് യൂണിറ്റും മൊബൈല്‍ ടെലി മെഡിസിന്‍ സൗകര്യവും ആശുപത്രിയില്‍ ലഭ്യമാണ്. ക്യാന്‍സര്‍ ചികിത്സാരംഗത്തെ നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ മികച്ച ക്യാന്‍സര്‍ ചികിത്സയും, ആദിവാസി മേഖലയിലെ ജന വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക ക്ലിനിക്കും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി കെ.സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ് തുടങ്ങിയവര്‍ മുഖ്യാതിതികളായി. പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രശാന്ത്കുമാര്‍ ഗോവിന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍, ഡി.എം.ഒ ഡോ. പി. ദിനീഷ്, നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്, ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.