പഞ്ചായത്തിന്റെ അനാസ്ഥ : പനമരം എൽ.പി സ്കൂൾ വിദ്യാർഥികളുടെ പഠിപ്പു മുടങ്ങി
പനമരം : കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതുമൂലം പനമരം ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളുടെ അധ്യയനം മുടങ്ങി. സ്കൂളിലെ നാലു ഡിവിഷനുകളിലായുള്ള ഒന്നാം ക്ലാസ്സ് കുട്ടികളുടെ പഠിപ്പാണ് രണ്ടു ദിവസമായി മുടങ്ങിയത്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ സീലിംഗ് ഇളകി വീണിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ശോചനീയാവസ്ഥ കണ്ടെത്തുകയായിരുന്നു. ക്ലാസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ചിതലരിച്ച് അപകടാവസ്ഥയിലാണ്. ഇതോടെ പി.ടി.എയും അധ്യാപകരും ചേർന്ന് ഓട് മേഞ്ഞ കെട്ടിടത്തിലെ മേൽക്കൂര പുതുക്കി പണിയൽ ആരംഭിച്ചു. പ്രവൃത്തിയുടെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുട്ടികൾക്ക് അവധി നൽകുകയായിരുന്നു. ചിതലരിച്ച പട്ടികളും പൊട്ടിയ ഓടുകളും മാറ്റിയുള്ള നിർമാണമാണ് ചൊവ്വാഴ്ച തുടങ്ങിയത്. പ്രവൃത്തി തീരാൻ നാലു ദിവസമെങ്കിലും ആവശ്യമായി വരുമെന്നാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്. ഇതോടെ ഈ ദിവസങ്ങളിൽ കുട്ടികളുടെ പഠിപ്പ് പൂർണമായും മുടങ്ങും. നിർമാണ പ്രവൃത്തികൾക്കായി സ്കൂൾ അധികൃതർ പനമരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ പി.ടി.എ.യും അധ്യാപകരും ചേർന്ന് ഒരു ലക്ഷം രൂപയോളം സ്വരുക്കൂട്ടിയാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്.
പനമരം ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. എൽ.പി സ്കൂളിനോട് കടുത്ത അവഗണനയാണ് പഞ്ചായത്തധികൃതർ സ്വീകരിക്കുന്നതെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സ്കൂളിലെ മറ്റൊരു കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തിന് പി.ടി.എ അപേക്ഷ നൽകിയിരുന്നു. ആറ് ലക്ഷം രൂപയോളം പഞ്ചായത്ത് പ്രവൃത്തികൾക്കായി വകയിരുത്തി. എന്നാൽ പുതിയ അധ്യായന വർഷം തുടങ്ങിയിട്ട് പോലും അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ല. ടെണ്ടർ എടുക്കാൻ ആളില്ലെന്ന മറുപടിയാണ് പി.ടി.എ യ്ക്ക് പഞ്ചായത്ത് നൽകുന്ന വിശദീകരണം.
ഈ കെട്ടിടത്തിന്റെ മേൽക്കൂരയിലെ പട്ടികകൾ ദ്രവിച്ചും, ചിതലരിച്ചും കിടക്കുകയാണ്. ഓടുകൾ പൊട്ടിയും കിടക്കുകയാണ്. അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ കെട്ടിടത്തിന് ഫിറ്റ്നസ് നഷ്ടപ്പെടുകയും ചെയ്തു. പഞ്ചായത്തിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം ഭരണസമിതിയംഗങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെട്ടതുമാണ്. എന്നാൽ വിഷയം ഗൗരവമായി എടുത്തില്ല. ഇപ്പോൾ മറ്റു ക്ലാസ്സ് മുറികളിൽ ഇരുന്നാണ് ഇവരുടെ പഠനം. പഞ്ചായത്ത് പല കാര്യങ്ങൾക്കും സ്കൂളിലെ പൊതു ഹാൾ ഉപയോഗിക്കുന്നവരാണ്. എന്നിട്ടും സ്കൂളിനോടുള്ള അവഗണനയ്ക്കെതിരെ പി.ടി.എ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് ദിലീപ് നീരട്ടാടി, അംഗങ്ങളായ എം. ശ്രീജേഷ്, പി.കെ അരുൺ കുമാർ എന്നിവർ പറഞ്ഞു.
110 പ്രീ പ്രൈമറി കുട്ടികളും ഒന്നുമുതൽ നാലാം ക്ലാസ്സ് വരെ 532 കുട്ടികളും പഠിക്കുന്ന സർക്കാർ സ്കൂളാണിത്. നിർധനരായ നൂറുകണക്കിന് രക്ഷിതാക്കൾക്ക് ഏക ആശ്രയവുമാണ്. സ്കൂളിനോടുള്ള പഞ്ചായത്തിന്റെ അവഗണന രക്ഷിതാക്കളുടെ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.
ചിത്രം : പനമരം ഗവ. എൽ.പി സ്കൂളിൽ ശോചനീയാവസ്ഥയിലായ കെട്ടിടത്തിന്റെ മേൽക്കുര പുതുക്കി പണിയുന്നു.