September 18, 2026

രാജ്യത്ത് പുതിയ പാസ്പോര്‍ട്ട് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ ; പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി : നിരക്കുകളില്‍ മാറ്റം

Share

 

പാസ്പോർട്ട് അപേക്ഷാ ഫീസുകളിലും കുട്ടികളുടെ പാസ്പോർട്ടിന്റെ കാലാവധിയിലും നിർണായക മാറ്റങ്ങള്‍ വരുത്തി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങള്‍ പുറത്തിറക്കി. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങള്‍ സെപ്റ്റംബർ 15-ന് ഔദ്യോഗിക ഗെസറ്റില്‍ പ്രസിദ്ധീകരിച്ച ഉടൻ തന്നെ പ്രാബല്യത്തില്‍ വന്നു.

 

പുതിയ ചട്ടപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുന്ന 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ കാലാവധി അഞ്ച് വർഷമായിരിക്കും അല്ലെങ്കില്‍ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെയോ ആയിരിക്കും. ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പാസ്പോർട്ടിന്റെ കാലാവധി.

 

ഫാന്റേഷണല്‍ പാസ്പോർട്സ് റൂള്‍സ് 1980-ല്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പാസ്പോർട്ട് അപേക്ഷകർക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനായി കഴിഞ്ഞ ജൂണിലും ഈ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് പുതിയ പാസ്പോർട്ട് ഫീസുകള്‍ നിലവില്‍ വന്നിരുന്നു.

 

പുതിയ പുനഃക്രമീകരിച്ച ഫീസുകള്‍ പ്രകാരം മുതിർന്നവരുടെ പുതിയ അല്ലെങ്കില്‍ പുതുക്കിയ പാസ്പോർട്ടിനുള്ള നിരക്കുകള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തിലുള്ള 36 പേജുള്ള പാസ്പോർട്ടിന് നിലവിലുണ്ടായിരുന്ന 1,500 രൂപ എന്നത് 2,500 രൂപയായി ഉയർത്തി. 60 പേജുള്ള പാസ്പോർട്ടിന് 2,000 രൂപ എന്നുണ്ടായിരുന്നത് 3,500 രൂപയാക്കി മാറ്റിയിട്ടുണ്ട്.തത്കാല്‍ സേവനങ്ങള്‍ക്കും ഫീസ് നിരക്കുകള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 36 പേജുള്ള തത്കാല്‍ പാസ്പോർട്ടിന് ഇനി 3,500 രൂപയ്ക്ക് പകരം 5,000 രൂപ നല്‍കേണ്ടി വരും. 60 പേജുള്ള തത്കാല്‍ പാസ്പോർട്ടിന്റെ ഫീസ് 4,000 രൂപയില്‍ നിന്ന് 6,000 രൂപയായും, 60 പേജുള്ള പാസ്പോർട്ട് തത്കാല്‍ വഴി മാറ്റി വാങ്ങുന്നതിനുള്ള ഫീസ് 5,500 രൂപയില്‍ നിന്ന് 8,500 രൂപയായും വർദ്ധിപ്പിച്ചു. കുട്ടികളുടെ കാര്യത്തില്‍, സാധാരണ വിഭാഗത്തിലുള്ള 36 പേജുള്ള പുതിയതോ പുതുക്കുന്നതോ ആയ പാസ്പോർട്ടിന് 1,000 രൂപയില്‍ നിന്ന് 1,750 രൂപയായാണ് വർദ്ധിപ്പിച്ചത്. കുട്ടികളുടെ തത്കാല്‍ പാസ്പോർട്ടിന് 3,000 രൂപ ഈടാക്കും

 

പുതിയ അപേക്ഷകള്‍ നല്‍കുന്ന 8 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും നിലവിലുള്ള 10 ശതമാനം ഇളവ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ പാസ്പോർട്ട് പുതുക്കുന്ന (reissue) കേസുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. പുതിയ നിരക്കുകള്‍ പുതിയ പാസ്പോർട്ട് അപേക്ഷകള്‍, പുതുക്കല്‍, തത്കാല്‍ സേവനങ്ങള്‍, കേടായതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകള്‍ മാറ്റി വാങ്ങല്‍, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായിരിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.