നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു
കൽപ്പറ്റ : നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും, വിഷയത്തില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാരെ പോലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ ( ജൂലൈ 23 ന് വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കും.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ബന്ദിന് ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന് പിന്തുണ നല്‍കണമെന്ന് കെ.എസ്.യു അഭ്യര്‍ത്ഥിച്ചു. ബന്ദിനോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.
