July 23, 2026

പട്ടുനൂല്‍ കൃഷി : ‘എന്റെ പട്ട് എന്റെ അഭിമാനം’ ക്യാമ്പെയിന്‍ വയനാട്ടിലും : കർഷകർക്ക് പങ്കെടുക്കാം

Share

 

കൽപ്പറ്റ : പട്ടുനൂല്‍ കൃഷി വ്യവസായത്തില്‍ നൂതന മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്ര സില്‍ക്ക് ബോര്‍ഡ് ആരംഭിക്കുന്ന എന്റെ പട്ട് എന്റെ അഭിമാനം 2.0 (എം.ആര്‍.എം.എ) ക്യാമ്പെയിന് ജില്ലയില്‍ തുടക്കമാവുന്നു. ശാസ്ത്രീയമായ പട്ടുനൂല്‍ കൃഷി രീതികള്‍ കര്‍ഷകരിലേക്ക് എത്തിക്കുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, സാങ്കേതികവിദ്യ കൈമാറ്റം, ശാസ്ത്രീയ പരിശീലനം, ഡിജിറ്റല്‍ നിരീക്ഷണം എന്നിവയാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് നൂതന സാങ്കേതിക വിദ്യയിലൂടെ പട്ടുനൂല്‍ കര്‍ഷകരെ ശാക്തീകരിക്കാന്‍ എന്റെ പട്ട് എന്റെ അഭിമാനം 2.0 ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിന്നും വയനാട്, പാലക്കാട് ജില്ലകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലെത്തിച്ച് ഉത്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കും. പട്ടിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കര്‍ഷകരെ സഹായിക്കുന്ന രാജ്യവ്യാപക ക്യാമ്പെയിനാണ് എന്റെ പട്ട് എന്റെ അഭിമാനം 2.0. പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് കര്‍ഷകര്‍ക്കായി ക്ലാസുകള്‍, ഫീല്‍ഡ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ആശയ വിനിമയ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും.

 

മള്‍ബറി കൃഷിയിലെ നൂതന കൃഷി രീതികള്‍, സംയോജിത രോഗ-കീട നിയന്ത്രണം, ജൈവ-ജീവാണു വള പ്രയോഗം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കും. ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ശാസ്ത്രജ്ഞയായ ഡോ. ശാന്തി വഹിക്കും. പുതുതായി കൃഷി ആരംഭിക്കുന്ന കര്‍ഷകര്‍ക്ക് സില്‍ക്ക് സമഗ്ര 2.0 ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. സ്വന്തമായോ പാട്ടത്തിനോ ഒരു ഏക്കര്‍ ജലസേചന സൗകര്യത്തോടെ ഭൂമിയുള്ള കര്‍ഷകരെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് ജില്ലയിലെ സെറികള്‍ച്ചര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936- 202465 നമ്പറില്‍ ബന്ധപ്പെടാം.

 


Share
Copyright © All rights reserved. | Newsphere by AF themes.