യാത്രക്കാരനെ ആക്രമിച്ച് കാറും പണവും കവർന്ന കേസ് ; ഒളിവിലായിരുന്ന രണ്ടുപേർ കൂടി പിടിയിൽ
മീനങ്ങാടി : യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴക്കുന്ന് സ്വദേശി കനകരാജ്, പേരാവൂർ സ്വദേശി പ്രണവ് സി എന്നിവരാണ് പിടിയിലായത്. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു സംഭവം. ദേവൂരിൽനിന്ന് കൊടുവള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്നയാളെ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം ഇന്നോവ കാറും 21,000 രൂപയും കവർന്നെന്നാണ് കേസ്.
അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. കേസിൽ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി എട്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
പിടിയിലായ പ്രണവ് സിക്കെതിരെ ഒരു കേസും കനകരാജിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം.
