ബെഥെല്‍ വെടിക്കെട്ട് !! ഇന്ത്യക്കു തോല്‍വി തന്നെ : തുടര്‍ച്ചയായ മൂന്നാം പരാജയം
മാഞ്ചസ്റ്റര്‍ : പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ തോല്‍വിയില്‍ നിന്നുതോല്‍വിയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ടീമിനു നേരിട്ടിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ നാലു വിക്കറ്റിനു ശ്രേയസും സംഘവും കീഴടങ്ങുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തുകയും ചെയ്തു.
191 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബാറ്റിങ് എളുപ്പമായിരുന്ന ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ ജേക്കബ് ബെഥെലിന്റെ (76*) തകര്‍പ്പന്‍ ഇന്നിങ്‌സ് ഇന്ത്യയുടെ കഥ കഴിച്ചു. ഒരോവറും നാലു വിക്കറ്റും ബാക്കി നില്‍ക്കെ ഇംഗ്ലീഷ് പട ജയത്തിലേക്കു കുതിച്ചെത്തി.
46 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് ബെഥെലിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (15 ബോളില്‍ 39), ടോം ബാന്റണ്‍ (32 ബോളില്‍ 39) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 190 റണ്‍സ് അടിച്ചെടുത്തത്. മധ്യ ഓവറികളില്‍ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു 210-220 റണ്‍സ് ഉറപ്പായും നേടാന്‍ സാധിച്ചേനേ. തിലക് വര്‍മയുടെ (11 ബോളില്‍ 24*) മികച്ച ഫിനിഷിങാണ് ടീം ടോട്ടല്‍ 190 എങ്കിലുമെത്തിച്ചത്.
ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി കുറിക്കാനായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. 49 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 40 ബോളിൽ ആറു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
അഭിഷേക് ശര്‍മ (43) ഒരിക്കല്‍ക്കൂടി വെടിക്കെട്ട് ഇന്നിങ്‌സുമായി മിന്നിച്ചു. വെറും 24 ബോളുകളിലാണിത്. എട്ടു ഫോറും ഒരു സിക്‌സും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് (37) മറ്റൊരു പ്രധാന സ്‌കോര്‍. 22 ബോളില്‍ മൂന്നു ഫോറടിച്ച അദ്ദേഹം ഒരു സിക്‌സറും കണ്ടെത്തി.
ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് അഭിഷേകും അരങ്ങേറ്റ മല്‍സരം കളിച്ച വൈഭവ് സൂര്യവംശിയും ചേര്‍ന്നു നല്‍കിയത്. പവര്‍പ്ലേയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ ഇരുവരും കടന്നാക്രമിച്ചു. 29 ബോളില്‍ 50 റണ്‍സ് ഇരുവരും അടിച്ചെടുത്തു.
പക്ഷെ മല്‍സരഗതിക്ക് വിപരീതമായി വൈഭവ് പുറത്തായി. വില്‍ ജാക്‌സിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാന്‍ ശ്രമിച്ച വൈഭവിനെ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 10 ബോളില്‍ രണ്ടു സിക്‌സറടക്കം 14 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. അഭിഷേകും അധികം വൈകാതെ ക്രീസ് വിട്ടു (65/2).
തുടര്‍ന്നാണ് ശ്രേയസിനും ഇഷാനുമിടയില്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടായത്. 42 ബോളില്‍ 65 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്കു ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. മൂന്നു വിക്കറ്റെടുത്ത സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചു നിന്നത്.
ഒരിക്കല്‍ക്കൂടി ടോസിനു ശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതോടെ ടീമില്‍ സ്ഥാനം നഷ്ടമായത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും ടീം വരുത്തിയില്ല. നേരത്തേ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ കളി മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്ക്‌സ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോങ്.
