ബസ് സ്റ്റാന്റ് പൊളിക്കൽ : മാനന്തവാടി നഗരത്തിൽ നാളെ മുതൽ ഗതാഗത ക്രമീകരണം
മാനന്തവാടി : മാനന്തവാടിയിലെ ബസ് സ്റ്റാൻഡ് പൊളിക്കുന്നതിനു മുന്നോടിയായി ബസുകൾക്കും യാത്രക്കാർക്കുമായി നഗരസഭ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പുതിയ ക്രമീകരണങ്ങൾ നാളെ ( ജൂൺ 27 ന് ) ശനിയാഴ്ച മുതൽ നടപ്പാക്കും. ഒരുമാസത്തിനുള്ളിൽ പുതിയ ബസ് ബേയുടെ പ്രവൃത്തികൾ തുടങ്ങി പത്തു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ക്രമീകരണങ്ങൾ ഇങ്ങനെ :-
കോഴിക്കോട് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കോടതി പരിസരത്തുള്ള ബസ് വേയിൽ ആളെ ഇറക്കുകയും, തുടർന്ന് കോഴിക്കോട് റോഡിലുള്ള ആര്യ ബേക്കറിയുടെ മുൻവശം നിർത്തി യാത്രക്കാരെ ഇറക്കിയതിന് ശേഷം താഴെയങ്ങാടി ഭാഗത്ത് KSEB ഓഫീസിന് മുൻവശം മുതൽ കെഎസ്ആർടിസി ഡിപ്പോ വരെ പാർക്ക് ചെയ്യേണ്ടതാണ്.
ബസ് പുറപ്പെടുന്ന സമയത്ത് നിലവിലുണ്ടായിരുന്ന ബസ്റ്റാൻഡിന് മുൻവശത്തുകൂടി കോഴിക്കോട് റോഡിലെ നഗരസഭ പുതിയതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും യാത്രക്കാരെ കയറ്റി തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും, മൈസൂർ റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
തലശ്ശേരി റോഡ് മൈസൂർ റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ നിലവിലുള്ള സ്‌റ്റോപ്പുകൾ കൂടാതെ സെൻറ് ജോസഫ് ഹോസ്പ്‌പിറ്റലിന് മുൻവശത്ത് ആളുകളെ ഇറക്കുന്നതിന് താൽക്കാലിക അനുമതി നൽകി. തുടർന്ന് ബസുകൾ താഴെയങ്ങാടി ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്. ബസ് പുറപ്പെടുന്ന സമയത്ത് നിലവിലുള്ള ബസ് സ്റ്റാൻഡിന് മുൻവശത്തുകൂടി കോഴിക്കോട് റോഡ് മൈസൂർ റോഡ് എന്നിവിടങ്ങളിലുള്ള യാത്രക്കാരെ കയറ്റി പോകാവുന്നതാണ്.
ബസ്റ്റാൻറിന് മുൻവശത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ബസ്റ്റാൻറ് നിർമ്മാണം പൂർത്തിയാകുന്നതുവരെ നഗരത്തിലെ മറ്റ് സ്റ്റാൻറുകൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
കെഎസ്ആർടിസി ബസുകൾ താഴെയങ്ങാടി ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കുകയും ടൗണിലെ വിവിധ ഭാഗങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും യാത്രക്കാരെ കയറ്റി, ഇറക്കി പോകേണ്ടതാണ്.
കോഴിക്കോട് റോഡിൽ നഗരസഭ പുതിയതായി നിർമ്മിച്ച ബസ്ബേയുടെ എതിർവശത്ത് സ്വകാര്യ പാർക്കിംഗ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളതാണ്.
