എംബാപ്പെയ്ക്ക് ഡബിള്‍ ; ലോകകപ്പില്‍ സെനഗലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങി ഫ്രാന്‍സ്
ന്യൂജെഴ്‌സി : 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ടയുടെ കരുത്തിലാണ് ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം. ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെ ഫ്രഞ്ച് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. ഫ്രാന്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇനി എംബാപ്പെയ്ക്ക് സ്വന്തം.
സെനഗലിന്റെ വെല്ലുവിളികളെ മറികടന്നാണ് ഗ്രൂപ്പില്‍ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകള്‍ അക്കൗണ്ടിലാക്കിയത്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തികച്ചും സ്ലോ ആയ കളിയാണ് പുറത്തെടുത്തത്. ഈ സമയത്ത് സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. സെനഗല്‍ താരം നിക്കോളാസ് ജാക്‌സന്റെ ഒരു ഷോട്ട് പോസ്റ്റിലും ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്‌നാനിലും തട്ടിത്തെറിച്ചു. പിന്നീട് ജാക്‌സണ്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. ഇസ്മായില സാറിനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയില്‍ കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രപരമായ മാറ്റങ്ങള്‍ ഫ്രാന്‍സിനെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ എന്നിവരുടെ പൊസിഷനുകളില്‍ വരുത്തിയ മാറ്റം ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 66-ാം മിനിറ്റ് മിനിറ്റില്‍ മൈക്കല്‍ ഒലിസെയുടെ മനോഹരമായ പാസ് സ്വീകരിച്ച എംബാപ്പെ സെനഗല്‍ ഡിഫെന്‍ഡര്‍മാരെ വെട്ടിച്ച് ഗോളാക്കി മാറ്റി. ഈ ഗോളോടെ ഒലിവിയര്‍ ജിറൂഡിന്റെ 57 ഗോളുകളെന്ന റെക്കോഡിനൊപ്പം എംബാപ്പെ എത്തി.
82-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാര്‍കോള, അഡ്രിയാന്‍ റാബിയോട്ടിന്റെ പാസില്‍ നിന്ന് ഫ്രാന്‍സിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 90+5-ാം മിനിറ്റില്‍ 18കാരനായ ഇബ്രാഹിം എംബായെയിലൂടെ മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സെനഗല്‍ ഒരു ഗോള്‍ മടക്കി. 90+6-ാം മിനിറ്റില്‍ സെനഗലിന്റെ ആവേശം അടങ്ങും മുന്‍പ് തന്നെ എംബാപ്പെ ബോക്‌സിനു വെളിയില്‍ നിന്നു തൊടുത്ത വെടിയുണ്ട പോലൊരു ലോങ് റേഞ്ചര്‍ സെനഗല്‍ ഗോളി എഡ്വേര്‍ഡ് മെന്‍ഡിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു(3-1).
ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി. വിജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. മല്‍സരത്തിലെ മികച്ച പ്രകടനത്തിന് ഫ്രാന്‍സിന്റെ മൈക്കല്‍ ഒലിസെയെ പ്ലെയര്‍ ഒഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ അടുത്ത മല്‍സരം തിങ്കളാഴ്ച ഫിലാഡല്‍ഫിയയില്‍ ഇറാഖിനെതിരേയാണ്. സെനഗല്‍ അന്നുതന്നെ നോര്‍വേയെ നേരിടും.
