June 5, 2026

തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയില്‍ ഇടിവ് : ഇന്ന് കുറഞ്ഞത് 280 രൂപ

Share

 

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് അല്പം ആശ്വാസം നല്‍കിക്കൊണ്ട് ഇന്ന് സ്വർണം പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്.

 

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,200 രൂപയായും ഗ്രാം വില 14,275 രൂപയായും താഴ്ന്നു. ഇന്നലെ പവന് 1,14,480 രൂപയും ഗ്രാമിന് 14,310 രൂപയുമായിരുന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ഈ വാരത്തിന്റെ തുടക്കത്തില്‍, അതായത് തിങ്കളാഴ്ച പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞതിന് ശേഷം ചൊവ്വ, ബുധൻ ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടർന്നിരുന്നു.

 

സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 5 രൂപയും കിലോയ്ക്ക് 5000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 275 രൂപയായി മാറി.

 

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.74 ശതമാനം (33.01 ഡോളർ) കുറഞ്ഞ് ട്രോയ് ഔണ്‍സിന് 4,444.25 ഡോളർ എന്ന നിരക്കിലെത്തി. ഈ വർഷം ജനുവരി 29നാണ് കേരളത്തില്‍ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു വില. ആ റെക്കോർഡ് നിരക്കില്‍ നിന്നും നോക്കുമ്പോള്‍ പവന് 16,960 രൂപയോളം കുറവിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

 

ഇറാൻ – യുഎസ് യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ സ്വർണവില ഇനിയും വർധിക്കും. രാജ്യാന്തര വിപണിയില്‍ സ്വർണവില ഇന്ന് കൂടുതല്‍ മുകളിലേക്ക് നീങ്ങിയാല്‍ കേരളത്തില്‍ വില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവാഹസീസണ്‍ ആരംഭിക്കാനിരിക്കെ സ്വർണവിലയില്‍ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ വെല്ലുവിളിയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.