June 4, 2026

കേരളത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി ! സാമ്പത്തിക ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍

Share

 

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് യുഡിഎഫ് സർക്കാർ നിയമസഭയില്‍ ധവളപത്രം പുറത്തിറക്കി. ധവളപത്രം സഭയുടെ മേശപ്പുറത്തുവെച്ചതിന് പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്പോരും തർക്കവുമാണ് സഭയിലുണ്ടായത്. ധവളപത്രം മേശപ്പുറത്തുവെച്ച നടപടിയെ ശക്തമായി എതിർത്തുകൊണ്ട് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ രംഗത്തെത്തി. തനിക്ക് യാതൊരുവിധ ഭയവുമില്ലെന്ന് വ്യക്തമാക്കിയ ബാലഗോപാല്‍, ഇത്തരം ഒരു സുപ്രധാന രേഖ ചർച്ചകളില്ലാതെ മേശപ്പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പാണ് തങ്ങള്‍ അറിയിക്കേണ്ടതെന്ന് ചോദിച്ചു. എന്നാല്‍ സ്പീക്കറുടെ കൃത്യമായ അനുവാദത്തോടെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് ധവളപത്രം മേശപ്പുറത്ത് വെച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയില്‍ മറുപടി നല്‍കി.

 

ധവളപത്രം തയ്യാറാക്കുന്നതിനായി സർക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിട്ടത് കടുത്ത ക്രമവിരുദ്ധതയും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണസിരാകേന്ദ്രത്തിന് പുറത്തുള്ള വ്യക്തികളെയും വിദഗ്ദ്ധരെയും ഇത്തരം ഒരു ഔദ്യോഗിക രേഖ തയ്യാറാക്കാൻ ഏല്‍പ്പിച്ചത് ശരിയായ നടപടിയല്ലെന്നും ഇത് സർക്കാരിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ തകിടം മറിക്കുമെന്നും കെ.എൻ. ബാലഗോപാല്‍ വിമർശിച്ചു. അക്കൗണ്ടന്റ് ജനറലിന് (എജി) പോലും നല്‍കാത്ത അതീവ രഹസ്യ സ്വഭാവമുള്ള കണക്കുകള്‍ എങ്ങനെയാണ് പുറത്തുള്ളവർക്ക് കൈമാറിയതെന്നും, ധനവകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെയാണ് സർക്കാർ നീങ്ങിയതെന്നും ആരോപിച്ച പ്രതിപക്ഷം ഈ വിഷയത്തില്‍ സ്പീക്കറുടെ റൂളിംഗും ആവശ്യപ്പെട്ടു.

 

എന്നാല്‍ പ്രതിപക്ഷത്തിന്റെ വിയോജന വാദങ്ങളെയും ആരോപണങ്ങളെയും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയില്‍ പൂർണ്ണമായി തള്ളിപ്പറഞ്ഞു. മുൻ ധനമന്ത്രിയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണിതെന്ന് ഓർമ്മിപ്പിച്ചു. ബജറ്റില്‍ പ്രഖ്യാപിക്കുന്ന പൊതുവിവരങ്ങള്‍ മാത്രമാണ് ഇതിലുള്ളതെന്നും, കണക്കുകളുടെ പരിശോധനയ്ക്കായി മാത്രമാണ് പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സഹായം തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവളപത്രം പൂർണ്ണമായും തയ്യാറാക്കിയത് സംസ്ഥാന ധനവകുപ്പ് തന്നെയാണെന്നും സർക്കാരിന്റെ ഒരു രഹസ്യരേഖയും ഒരിടത്തേക്കും ചോർന്നുപോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

 

ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ സഭയില്‍ നേരിട്ട് കൊമ്പുകോർക്കുന്നതിനും നിയമസഭ സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ധവളപത്രം ധനവകുപ്പ് തയ്യാറാക്കിയതല്ലെന്നും ഇതൊരു രാഷ്ട്രീയ രേഖ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. മുൻകാലങ്ങളില്‍ പുറത്തിറക്കിയ ധവളപത്രങ്ങളും രാഷ്ട്രീയ രേഖകളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റേത് കേവലം രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി. ധവളപത്രത്തെച്ചൊല്ലി ഇരുപക്ഷവും ഉറച്ചുനിന്നതോടെ സഭയ്ക്കുള്ളില്‍ രാഷ്ട്രീയ പോര് കടുക്കുകയാണ്.

 

 

കേരളത്തിന്‍റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തില്‍ പറയുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു.

 

വരുമാനത്തിന്‍റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.

 

2026-ല്‍ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

 

*പ്രധാന കണ്ടെത്തലുകള്‍:*

 

• കേരളത്തിന്റെ ആകെ കടബാധ്യത ₹5.07 ലക്ഷം കോടി.

 

• സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകള്‍ക്കായി ചെലവാകുന്നു.

 

• വികസന പ്രവർത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് (Capital Expenditure) രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണ്.

 

• ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; 2025-ല്‍ കേരളം 262 ദിവസം Ways and Means Advances-ലും 84 ദിവസം Overdraft-ലും ആശ്രയിച്ചു.

 

• സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകള്‍ ഉള്‍പ്പെടെ ₹48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സർക്കാർ ഏറ്റെടുക്കുന്നു.

 

• KIIFB-യ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്റെ കടങ്ങള്‍ യഥാർത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

• കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSE) ആകെ സഞ്ചിത നഷ്ടം ₹78,851 കോടി ആയി ഉയർന്നു. KSRTC, KWA തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിന് കാരണം.

 

• പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു.

 

• സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ സാമ്പത്തിക സമ്മർദ്ദം വർധിച്ചു.

 

*റിപ്പോർട്ടിന്റെ നിഗമനം:*

 

കേരളത്തിന്റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെങ്കിലും, ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.

 

*ട്രഷറി പ്രതിസന്ധി രൂക്ഷം*

 

കേരളത്തിന്റെ ട്രഷറി കാഷ് ബാലൻസും ദ്രവ്യത (Liquidity) നിലയും പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി കഴിഞ്ഞ ഒരു ദശാബ്ദമായി ക്രമേണ രൂക്ഷമായതായി റിപ്പോർട്ട് വിലയിരുത്തുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.