വലതുളച്ച് എംബാപ്പെയും ഡെംബല്ലേയും, മൊറോക്കോയെ തകര്‍ത്ത് ഫ്രാൻസ് സെമിയില്‍
ഫിഫ ലോകകപ്പ് 2026ലെ ഫ്രാൻസിന്റെ കുതിപ്പ് തുടരുന്നു. ക്വാർട്ടറില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ഫ്രാൻസ് തുടർച്ചയായ മൂന്നാം സെമിയിലേക്ക് കടന്നിരിക്കുകയാണ്.
കെയ്ലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബല്ലെയും നേടിയ ഗോളുകളുടെ കരുത്തിലാണ് ഫ്രാൻസിന്റെ മുന്നേറ്റം.
4-2-3-1 ഫോർമേഷനിലാണ് ഫ്രാൻസും മൊറോക്കോയും ബൂട്ടണിഞ്ഞത്. രണ്ട് ടീമും തുടക്കം മുതല്‍ മികച്ച ആക്രമണവും പ്രതിരോധവും കാഴ്ചവെച്ചു. നാലാം മിനുട്ടില്‍ത്തന്നെ ഫ്രാൻസിന്റെ മുന്നേറ്റം കാണാനായി. ഫ്രഞ്ച് നായകൻ കെയ്ലിയൻ എംബാപ്പെയിലേക്ക് കൃത്യമായെത്തിയ പാസില്‍ നിന്ന് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് എംബാപ്പെ തൊടുത്ത ഷോട്ട് മൊറോക്കോ ഗോളി യാസിൻ ബൗനോ മനോഹരമായി സേവ് ചെയ്തു.
അഞ്ചാം മിനുട്ടില്‍ ഫ്രാൻസ് മറ്റൊരു അവസരം കൂടി സൃഷ്ടിച്ചു. ഡയോട്ട് ഉപമിക്കാനോയ്ക്ക് ബോക്സിലേക്ക് ലഭിച്ച ക്രോസില്‍ താരം ഹെഡർ ഗോളിന് ശ്രമിച്ചെങ്കിലും വീണ്ടും മൊറോക്കൻ ഗോളി വില്ലനായി മാറി. ഒമ്പതാം മിനുട്ടില്‍ മൊറോക്കോയുടെ ബ്രാഹിം ഡിയാസിന്റെ അഷറഫ് ഹക്കിമിയെ ലക്ഷ്യമിട്ടുള്ള ലോങ് പാസ്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലെത്തിയ പന്തിനെ ഓടി പിടിക്കാൻ ഹക്കിമിക്ക് സാധിക്കാതെ പോയി.
10ാം മിനുട്ടില്‍ ബോക്സിന്റെ തൊട്ട് പുറത്ത് നിന്ന് ഫ്രാൻസിന്റെ ഡിസയർ ഡൗവിന് പാസ്. എന്നാല്‍ താരത്തിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടി തകർന്നു.
12ാം മിനുട്ടില്‍ ബ്രഹിം ഡിയാസിന്റെ ഒറ്റയാള്‍ മുന്നേറ്റം ലക്ഷ്യത്തിലേക്കെത്താൻ സാധിക്കാതെ പോയി. 15ാം മിനുട്ടില്‍ എംബാപ്പെയിലേക്ക് ഡിസയർ ഡൗവിന്റെ പാസ്. എന്നാല്‍ ബോക്സില്‍ നിന്ന് എംബാപ്പെക്ക് ഇത് നിയന്ത്രണത്തിലാക്കാൻ സാധിക്കാതെ പോയി.
20ാം മിനുട്ടില്‍ ഉസ്മാൻ ഡെംബല്ലെയുടെ മുന്നേറ്റം മൊറോക്കോ പ്രതിരോധത്തില്‍ തട്ടി തകർന്നു. 24ാം മിനുട്ടില്‍ മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ ലക്ഷ്യത്തിലെത്താതെ പോയി. 25ാം മിനുട്ടില്‍ ഫ്രാൻസിന് അനുകൂലമായി പെനല്‍റ്റി. മൊറോക്കോയുടെ നൗസയർ മസറൗയി എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി പക്ഷെ ലക്ഷ്യത്തിലെത്താതെ പോയി. എംബാപ്പെയെടുത്ത ഷോട്ട് വളരെ ദുർബലമായപ്പോള്‍ അനായാസം മൊറോക്കോ ഗോളി സേവ് ചെയ്തു.
16 പെനല്‍റ്റി ഫ്രാൻസിനായി എടുത്ത എംബാപ്പെ നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ മാത്രം പെനല്‍റ്റിയാണിത്. 33ാം മിനുട്ടില്‍ ഡെംബല്ലയുടെ മുന്നേറ്റവും ഫലം കാണുന്നില്ല. ഫ്രാൻസ് നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ മൊറോക്കോ പ്രതിരോധത്തിലേക്ക് ഒതുങ്ങി. 35ാം മിനുട്ടില്‍ ഫ്രാൻസിന്റെ ഡിസയർ ഡൗവിന്റെ ബോക്സിലേക്കുള്ള കുതിപ്പ്.
ഇടത് മൂലയിലേക്ക് പന്തെത്തിക്കാനുള്ള ഡൗവിന്റെ ഷോട്ട് പക്ഷെ ഗോളി തടുക്കുന്നു.
ആദ്യ പകുതിയുടെ അവസാന മിനുട്ടിലും ഗോള്‍ പിറക്കാതെ ഇരുന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ 51% മൊറോക്കോ പന്തടക്കിവെച്ചെങ്കിലും ഒന്നിനെതിരേ 13 ഗോള്‍ശ്രമങ്ങളാണ് ഫ്രാൻസ് നടത്തിയത് എന്നതാണ് എടുത്തു പറയേണ്ടത്.
48ാം മിനുട്ടില്‍ ബ്രാഹിം ഡിയാസിന്റെ മുന്നേറ്റം ഫ്രഞ്ച് പ്രതിരോധം തടുത്തു. 52ാം മിനുട്ടില്‍ മൊറോക്കോയ്ക്ക് അവസരം. ടാല്‍ബിക്ക് ബോക്സിലേക്ക് ലഭിച്ച പന്തില്‍ താരത്തിന്റെ ഷോട്ട് പ്രതിരോധം തടുക്കുന്നു. 55ാം മിനുട്ടില്‍ ഫ്രാൻസിന്റെ ഡിസയർ ഡൗവിന്റെ പോസ്റ്റിലേക്കുള്ള തകർപ്പൻ ഷോട്ട് മൊറോക്കോ ഗോളി തടുത്തു. 56ാം മിനുട്ടില്‍ എംബാപ്പെക്ക് ബോക്സിലേക്ക് ലഭിച്ച പന്തില്‍ സുവർണ്ണാവസരം.
എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുന്നു. 58ാം മിനുട്ടില്‍ എംബാപ്പെ ബോക്സിലേക്ക് നല്‍കിയ ക്രോസ് ഫ്രാൻസ് താരങ്ങളെ കണ്ടെത്താതെ പോകുന്നു. ഒടുവില്‍ 60ാം മിനുട്ടില്‍ കെയ്ലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് ലീഡെടുത്തു. ബോക്സിന് തൊട്ടുപുറത്ത് നിന്ന് എംബാപ്പെ തൊടുത്ത മനോഹരമായ ഷോട്ട് പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് പറന്നിറങ്ങി.
ഈ ലോകകപ്പിലെ എംബാപ്പെയുടെ എട്ടാമത്തെ ഗോളാണിത്. 66ാം മിനുട്ടില്‍ ഉസ്മാൻ ഡെംബല്ലെയുടെ ഗോളില്‍ ഫ്രാൻസ് ലീഡുയർത്തുന്നു. കെയ്ലിയൻ എംബാപ്പെ നല്‍കിയ പാസില്‍ നിന്നാണ് ഡെംബല്ലെയുടെ ഈ ഗോള്‍ പിറന്നത്. ഡെംബല്ലെയുടെ ഈ ലോകകപ്പിലെ അഞ്ചാം ഗോളാണിത്.
പിന്നീട് ഫ്രാൻസിന്റെ മികച്ച മുന്നേറ്റങ്ങള്‍ തുടർന്നു. മൊറോക്കോ പരുക്കൻ കളി പുറത്തെടുത്തതോടെ എംബാപ്പെ പലവട്ടം ഫൗളേറ്റ് വീണു. ഇതോടെ 77ാം മിനുട്ടില്‍ എംബാപ്പെയെ ഫ്രാൻസ് പിൻവലിച്ചു. അവസാന സമയത്ത് ഗോളുകള്‍ പിറക്കാതെ വന്നതോടെ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ കരുത്തില്‍ ഫ്രാൻസിന് സെമി ടിക്കറ്റ്.
