അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു
കൊച്ചി : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു. കോതമംഗലത്ത് നെല്ലിക്കുഴി പഞ്ചായത്തില്‍ താമസിക്കുന്ന 73കാരിയാണ് മരിച്ചത്.ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപ് രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ സുഖപ്പെട്ടിരുന്നു. ഈ മാസം ആറിനാണ് വയോധികയ്ക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന ഇരുപത്തോളം പേരെ പരിശോധിച്ചതില്‍ ആർക്കും രോഗലക്ഷണമില്ല.
2016ല്‍ ആലപ്പുഴയിലെ തിരുമലയിലാണ് സംസ്ഥാനത്തെ ആദ്യ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കേസ് റിപ്പോർട്ട് ചെയ്യുന്നത്. അമീബിക്ക് മസ്തിഷ്‌കജ്വരം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കർണ്ണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുമ്പോഴാണ് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാവുന്നത്.
സമയം വൈകുംതോറും രോഗാവസ്ഥ വർദ്ധിക്കാനും മരണത്തിനും കാരണമാകും എന്നതിനാല്‍ പനി, കടുത്ത തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടൻതന്നെ വൈദ്യസഹായം തേടണം. രോഗബാധിത മേഖലകളില്‍ പ്രത്യേകിച്ച് മലിനീകരണ സാദ്ധ്യതയുള്ള ഇടങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുന്നതാണ് നിലവില്‍ അഭികാമ്യം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്താണ് രോഗമുണ്ടാവുന്നത്.
