സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് : എസ്‌എസ്‌എല്‍സിക്ക് ശേഷം ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം …?
എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. ഇത്തവണ 99.07 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷ നല്‍കാവുന്നതാണ്. ജൂണ്‍ ആദ്യ വാരം സേ പരീക്ഷ ആരംഭിക്കുന്നതാണ്. അതുപോലെ ജൂണ്‍ അവസാനത്തോടെ സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയുടെ ഫലം വന്നാലുടൻ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്.
പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നത് വിദ്യാർത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. പലപ്പോഴും സുഹൃത്തുക്കളുടെ പ്രേരണകൊണ്ടോ, മാതാപിതാക്കളുടെ നിർബന്ധം മൂലമോ, അല്ലെങ്കില്‍ ഉയർന്ന മാർക്ക് കിട്ടിയതുകൊണ്ട് മാത്രം സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന ധാരാളം കുട്ടികളുണ്ട്. എന്നാല്‍, സ്വന്തം അഭിരുചിയും നിങ്ങളുടെ ഭാവിയിലെ ലക്ഷ്യങ്ങളും മനസ്സിലാക്കി വേണം പ്ലസ് വണ്ണില്‍ ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കാൻ.
സയൻസ് സ്ട്രീം
ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ താല്പര്യമുള്ളവർക്കും ഗവേഷണ മേഖലകളിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ ഗ്രൂപ്പാണിത്. എൻജിനീയറിംങ്, മെഡിക്കല്‍ തുടങ്ങിയ മേഖലകള്‍ ആഗ്രഹിക്കുന്നവർ സയൻസ് ഗ്രൂപ്പ് തന്നെ തിരഞ്ഞെടുക്കണം. സയൻസില്‍ രണ്ട് ഗ്രൂപ്പാണ് വരുന്നത്, ഒന്ന് ബയോളജി മറ്റൊന്ന് കമ്പ്യൂട്ടർ സയൻസ്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി (മെഡിക്കല്‍/എഞ്ചിനീയറിംഗ് ലക്ഷ്യമിടുന്നവർക്ക്) എന്നതാണ് ബയോളജി ഗ്രൂപ്പില്‍ പ്രധാനമായും പഠിക്കാനുള്ള വിഷയം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് (എഞ്ചിനീയറിംഗ്/ഐടി ലക്ഷ്യമിടുന്നവർക്ക്) എന്നതാണ് കമ്പ്യൂട്ടർ സയൻസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൊമേഴ്സ് ഗ്രൂപ്പ്
ബിസിനസ്, ബാങ്കിംഗ്, സാമ്പത്തിക മേഖലകള്‍, ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്നിവയോട് താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഗ്രൂപ്പാണിത്. കോർപ്പറേറ്റ് ലോകത്ത് വലിയ തൊഴിലവസരങ്ങളാണ് കൊമേഴ്സ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് അല്ലെങ്കില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് കൊമേഴ്സ് ഗ്രൂപ്പ്.
ഹ്യുമാനിറ്റീസ് ഗ്രൂപ്പ്
സമൂഹത്തിലിറങ്ങി ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്. ഇന്ന് സിവില്‍ സർവീസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്നത് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളാണ്. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സോഷ്യോളജി, ജിയോഗ്രഫി അല്ലെങ്കില്‍ സൈക്കോളജി എന്നീ വിഷയങ്ങളാണ് ഇതില്‍ പ്രധാനമായും പഠിക്കാനുള്ളത്. IAS, IPS, IFS , എല്‍എല്‍ബി, വിഷ്വല്‍ കമ്മ്യൂണിക്കേഷൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, കണ്ടെന്റ് റൈറ്റിംഗ് തുടങ്ങി പ്ലസ് ടുവിന് ശേഷം നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ലോകമാമാണ്.
ശരിയായ ഗ്രൂപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ക്ക് എന്തിനോടാണോ താല്പര്യം അതിനനുസരിച്ച് മാത്രം ഗ്രൂപ്പ് തിരഞ്ഞെടുക്കുക. കണക്കിനോടാണോ, ബയോളജിയോടാണോ, അതോ സാമൂഹിക കാര്യങ്ങളോടാണോ കൂടുതല്‍ താല്പര്യം എന്ന് സ്വയം മനസ്സിലാക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിന് പഠനം തിരഞ്ഞെടുക്കരുത്.
ഫുള്‍ എ പ്ലസ് കിട്ടിയതുകൊണ്ട് മാത്രം സയൻസ് എടുത്തേക്കാമെന്ന് കരുതേണ്ട. ഭാവിയില്‍ നിങ്ങള്‍ എന്താകാനാണോ ആഗ്രഹിക്കുന്നത് അതിനനുസരിച്ച് ഗ്രൂപ്പ് നിശ്ചയിക്കുക.
മറ്റൊരു പ്രധാന കാര്യം എന്തെന്നാല്‍ സുഹൃത്തുക്കള്‍ ചേരുന്ന ഗ്രൂപ്പില്‍ തന്നെ ചേരാൻ ശ്രമിക്കരുത്. നിങ്ങളുടെ കഴിവും താല്പര്യവും അവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാം.
