May 9, 2026

ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ

Share

 

അമ്പലവയൽ : വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം, വാരാപുഴ, മണാലിപറമ്പിൽ വീട്ടിൽ, എം.പി. സജീവ് (61) നെയാണ് അമ്പലവയൽ പോലീസ് 08.05.2026ന് മലപ്പുറം, ചുങ്കത്തറയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.

 

ഇയാൾ വയനാട് ജില്ലയിലെ പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്റ്റേഷനുകളിലും കളവ് കേസുകളിൽ പ്രതിയാണ്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചും പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

 

മെയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവൻചാൽ, വട്ടത്തുവയലിലെ ധ്യാനകേന്ദ്രത്തിൽ രാവിലെ ആറു മണിയോടെയാണ് സജീവ് ധ്യാനം കൂടാനെത്തിയത്. ധ്യാനം തീരുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഇയാൾ പുറത്തിറങ്ങുകയും റോഡരികിൽ താക്കോൽ ഉൾപ്പെടെ നിർത്തിയിട്ടിരുന്ന ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ച് ഇയാൾ ജോലി ചെയ്യുന്ന മലപ്പുറം, ചുങ്കത്തറയിലേക്ക് തിരികെ പോകുകയുമായിരുന്നു. ബാർബർ ജോലി ചെയ്യുന്ന ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ബൈക്ക് ഉപയോഗിച്ച് വരുകയായിരുന്നു. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

എം.എം. വിനീത്കുമാർ, എ.എസ്.ഐ എം.കെ. സനൽ, എസ്.സി.പി.ഒ പ്രഭാകരൻ, സി.പി.ഒമാരായ എസ്. നിധിൻ, മുഹമ്മദ് അൻസാരി, അഖിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.