പൊരുതി വീണ് ആര്‍സിബി : അവസാന ഓവറില്‍ ജയം തിരിച്ചുപിടിച്ച് ലഖ്‌നൗ
ഐപിഎലില്‍ അവസാന സ്ഥാനക്കാരായ ലക്നൗവിനോട് പരാജയം ഏറ്റുവാങ്ങി ആര്‍സിബി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മിച്ചല്‍ മാര്‍ഷ് നേടിയ ശതകത്തിന്റെ ബലത്തില്‍ 209 റണ്‍സ് നേടിയപ്പോള്‍ മഴ വില്ലനായെത്തിയ കളിയിൽ ആര്‍സിബിയുടെ ലക്ഷ്യം 213 റണ്‍സാക്കി പുനക്രമീകരിക്കുകയായിരുന്നു. എന്നാല്‍ ചേസിംഗിനിറങ്ങിയ ആര്‍സിബിയ്ക്ക് 203/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
ജേക്കബ് ബെത്തലിനെയും വിരാട് കോഹ്‍ലിയെയും നഷ്ടമായ ആര്‍സിബി 9/2 എന്ന നിലയിലായിരുന്നു. മൊഹമ്മദ് ഷമി ജേക്കബ് ബെത്തലിനെ പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‍ലിയെ പൂജ്യത്തിന് പുറത്താക്കി പ്രിന്‍സ് യാദവ് തന്റെ ആദ്യ വിക്കറ്റ് നേടി. പിന്നീട് ദേവ്ദത്ത് പടിക്കലും രജത് പടിദാറുമാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്.
26 പന്തില്‍ രജത് പടിദാര്‍ ഫിഫ്റ്റി നേടിയപ്പോള്‍ പത്തോവറില്‍ ആര്‍സിബി 104 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ പ്രിന്‍സ് യാദവ് പുറത്താക്കി. പടിക്കലും പടിദാറും 53 പന്തില്‍ നിന്ന് 95 റണ്‍സാണ് നേടിയത്. അതേ ഓവറില്‍ ജിതേഷ് ശര്‍മ്മയെയും പുറത്താക്കി പ്രിന്‍സ് യാദവ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി.
31 പന്തില്‍ 61 റണ്‍സ് നേടിയ പടിദാറിനെയും ആര്‍സിബിയ്ക്ക് നഷ്ടമായതോടെ ടീം 112/5 എന്ന നിലയിലായി. ഒരു ഘട്ടത്തില്‍ 104/2 എന്ന അതിശക്തമായ നിലയില്‍ നിന്ന് 8 റണ്‍സ് നേടുന്നതിനിടെയാണ് ആര്‍സിബിയ്ക്ക് 3 വിക്കറ്റ് നഷ്ടമായത്.
ടിം ഡേവിഡും ക്രുണാല്‍ പാണ്ഡ്യയും ആറാം വിക്കറ്റില്‍ ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ അവസാന 5 ഓവറില്‍ 80 റണ്‍സായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. മയാംഗ് യാദവിനെ ഒരു ഫോറിനും രണ്ട് സിക്സിനും പായിച്ച് ടിം ഡേവിഡ് 15ാം ഓവറില്‍ കത്തിക്കയറിയപ്പോള്‍ ആര്‍സിബിയ്ക്ക് 17 റണ്‍സാണ് ലഭിച്ചത്.
ഷഹ്ബാസ് അഹമ്മദിനെ അടുത്ത ഓവറില്‍ ടിം ഡേവിഡ് സിക്സിന് പായിച്ചുവെങ്കിലും 17 പന്തില്‍ 40 റണ്‍സ് നേടിയ താരത്തെ അഹമ്മദ് പുറത്താക്കിയത് ആര്‍സിബിയ്ക്ക് വലിയ തിരിച്ചടിയായി. ആറാം വിക്കറ്റില്‍ ടിം -ക്രുണാല്‍ കൂട്ടുകെട്ട് 46 റണ്‍സാണ് നേടിയത്.
റൊമാരിയോ ഷെപ്പേര്‍ഡ് ഓവറില്‍ നിന്ന് രണ്ട് ബൗണ്ടറി കൂടി നേടിയപ്പോള്‍ അവസാന മൂന്നോവറില്‍ ബെംഗളൂരു 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ഷഹ്ബാസ് എറിഞ്ഞ ഓവറിലും 16 റണ്‍സ് ആര്‍സിബി നേടി.
ഷമി 17ാം ഓവറിലെ ആദ്യ നാല് പന്തില്‍ വെറും 2 റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ അവസാന രണ്ട് പന്തില്‍ സിക്സറുമായി ക്രുണാല്‍ പാണ്ഡ്യ മത്സരത്തിലേക്ക് ആര്‍സിബിയെ തിരികെ കൊണ്ടുവന്നു. ഓവറില്‍ നിന്ന് 14 റണ്‍സ് വന്നപ്പോള്‍ അവസാന രണ്ടോവറില്‍ 33 റണ്‍സായിരുന്നു ആര്‍സിബിയുടെ ലക്ഷ്യം.
പ്രിന്‍സ് യാദവ് എറിഞ്ഞ 18ാം ഓവറില്‍ ക്രുണാല്‍ ഒരു ബൗണ്ടറിയും റൊമാരിയോ ഷെപ്പേര്‍ഡ് ഒരു സിക്സും നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സായി മാറി . ദിഗ്വേഷ് സിംഗ് രഥി എറിഞ്ഞ 19ാം ഓവറില്‍ 10 റണ്‍സ് മാത്രമേ ആര്‍സിബിയ്ക്ക് നേടാനായുള്ളു. ഇതോടെ 9 റണ്‍സ് വിജയം ലക്നൗ നേടി.
ക്രുണാല്‍ പാണ്ഡ്യ 16 പന്തില്‍ 28 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് 15 പന്തില്‍ 23 റണ്‍സും നേടിയെങ്കിലും അവസാന കടമ്പ കടക്കുവാന്‍ ഈ കൂട്ടുകെട്ടിനായില്ല. ഏഴാം വിക്കറ്റില്‍ 21 പന്തില്‍ നിന്ന് 45 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.
ലക്നൗവിന് വേണ്ടി പ്രിന്‍സ് യാദവ് 3 വിക്കറ്റും ഷഹ്ബാസ് അഹമ്മദ് 2 വിക്കറ്റും നേടി തിളങ്ങി.
