പത്താം ക്ലാസുകാര്‍ക്ക് കെഎസ്‌ഇബിയില്‍ ജോലി നേടാം; 14 ജില്ലകളിലുമായി 985 ഒഴിവുകള്‍
കെഎസ്‌ഇബി (കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ്) ഇലക്‌ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറത്ത്.
എല്ലാ ജില്ലകളിലുമായിട്ടാണ് 985 ഒഴിവുകളിലേക്ക് നിയമനം നടത്തുക. ഉദ്യോഗാർത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാൻ കഴിയും. 2026 ജൂണ്‍ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രതിമാസം 24,400 രൂപ മുതല്‍ 43,600 രൂപ വരെ ആയിരിക്കും ശമ്പളം. തിരുവനന്തപുരം-101, കൊല്ലം-49, പത്തനംതിട്ട-24, ആലപ്പുഴ-70, കോട്ടയം-64, ഇടുക്കി-96, എറണാകുളം-139, തൃശൂർ-62, പാലക്കാട്-68, മലപ്പുറം-64, കോഴിക്കോട്-117, വയനാട്-26, കണ്ണൂർ-73, കാസർഗോഡ്-32 എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്.
18 നും 40 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. 1986 ജനുവരി 2നും 2008 ജനുവരി 1നും (ഈ രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. എസ്‌എസ്‌എല്‍സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇതിനു പുറമെ, ഇലക്‌ട്രീഷ്യൻ അല്ലെങ്കില്‍ വയർമാൻ ട്രേഡില്‍ സർക്കാർ അംഗീകൃത 2 വർഷത്തെ നാഷണല്‍/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 5 അടി 2 ഇഞ്ച് (157.48 സെ.മീ) ഉയരവും, വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 4 അടി 9 ഇഞ്ച് (144.78 സെ.മീ) ഉയരവും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ ശാരീരികക്ഷമത വിലയിരുത്തും.
9 മീറ്റർ ഉയരമുള്ള ഒരു വൈദ്യുത പോസ്റ്റില്‍ 8 മിനിറ്റിനുള്ളില്‍ കയറാനും ഇറങ്ങാനുമുള്ള കഴിവ് ഇതില്‍പ്പെടും. ഈ പരീക്ഷയില്‍ യോഗ്യത നേടുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് പ്രവേശനം ലഭിക്കൂ. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല.
അപേക്ഷകർക്ക് വണ്‍ ടൈം രജിസ്‌ട്രേഷൻ വഴിയോ നിലവിലുള്ള പ്രൊഫൈലിലൂടെയോ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
