സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങി വിജയ് ; ആദ്യം ബന്ധപ്പെട്ടത് സിപിഎമ്മിനെ, കോണ്‍ഗ്രസും പിന്തുണച്ചേക്കും
ചെന്നൈ : തമിഴ്‌നാട്ടില്‍ അടുത്ത സർക്കാർ രൂപീകരിക്കാൻ ഊർജിതമായ ശ്രമങ്ങള്‍ നടത്തുകയാണ് ടിവികെ നേതാവും നടനുമായ വിജയ്.കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ പാർട്ടിക്ക്. ഈ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസിന്റെയും സിപിഎം അടക്കമുള്ള ഡിഎംകെ സഖ്യകക്ഷികളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ സാഹചര്യത്തില്‍, കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും വിസികെ, സിപിഐ(എം), സിപിഐ, ഡിഎംഡികെ, ഐയുഎംഎല്‍ എന്നിവ ഓരോ പാർട്ടിയും രണ്ട് സീറ്റുകള്‍ വീതവും നേടിയാണ് തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിച്ചത്. ഈ പത്ത് സീറ്റുകള്‍ നിർണായകമായതോടെ, ഈ പാർട്ടികളെല്ലാം ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
അതിനിടെ ടിവികെയുടെ മികച്ച പ്രകടനത്തില്‍ വിജയയെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ വാഗ്‌ദാനം ചെയ്‌തതോടെയാണ് കാര്യങ്ങള്‍ ആരംഭിച്ചത്. ഈ ജനവിധി യുവജനങ്ങളുടെ ഉയർന്നു വരുന്ന ശബ്‌ദം വെളിപ്പെടുത്തുന്നു, അത് അവഗണിക്കാനാവില്ല’ എന്നായിരുന്നു രാഹുല്‍ തന്റെ എക്‌സ് പോസ്‌റ്റില്‍ കുറിച്ചത്.
എങ്കിലും, മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന എംകെ സ്റ്റാലിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം രാഹുല്‍ തന്റെ എക്‌സ് പോസ്‌റ്റില്‍ പരാമർശിച്ചില്ല. എന്നാല്‍, പാർട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് തന്റെ സാമൂഹിക മാധ്യമ പോസ്‌റ്റിലൂടെ ഈ വിവരം പുറത്തുവിട്ടു. ഇത് മാത്രമാണ് നിലവില്‍ ഒരു കല്ലുകടിയായി നിലനില്‍ക്കുന്നത്.
തിരഞ്ഞെടുപ്പിന് മുൻപ് ടിവികെയുമായി സഖ്യമുണ്ടാക്കാൻ രാഹുല്‍ ഗാന്ധിക്ക് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും, ഡിഎംകെ സഖ്യത്തില്‍ തുടരാനുള്ള കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം ഇതിന് തടസമാവുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്‌റ്റാലിനൊപ്പം രാഹുല്‍ വേദി പങ്കിടാതിരുന്നത് സഖ്യത്തിലെ ചില വിള്ളലുകള്‍ വെളിവാക്കിയിരുന്നു.
അതിനിടെ എഐഎഡിഎംകെയുടെയും ബിജെപിയുടെയും പിന്തുണ നേടുന്നതില്‍ നിന്ന് വിജയയെ തടയാൻ കോണ്‍ഗ്രസ് അദ്ദേഹത്തിന് പൂർണ പിന്തുണ നല്‍കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
അതിനിടെ ഫലം വന്നയുടൻ തന്നെ ടിവികെ സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. ഇടത് പാർട്ടികള്‍ക്ക് നാല് സീറ്റുകള്‍ ഉള്ള സാഹചര്യത്തിലാണ് ഇത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചർച്ച ചെയ്യാനും ഭാവി നടപടികള്‍ തീരുമാനിക്കാനും ഉന്നതതല യോഗം വിളിച്ചുചേർത്തതായി സിപിഎം വൃത്തങ്ങള്‍ അറിയിച്ചു.
നാല് സീറ്റുകളുള്ള ഇടതുമുന്നണി വിജയയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംഡികെ., മുസ്ലീം ലീഗ്, വിസികെ എന്നിവയുടെ നിലപാടുകളില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ് സൂചന. ഡിഎംകെയില്‍ സഖ്യ കക്ഷികള്‍ ആകെ 15 സീറ്റുകള്‍ നേടിയ സാഹചര്യത്തില്‍ അവർ വിജയ്ക്ക് ഒപ്പം നില്‍ക്കാൻ സാധ്യത ഏറെയാണെന്നാണ് വിവരം. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.
ഈ രീതിയില്‍ ഒരു സർക്കാർ രൂപീകരണത്തിന് സംഖ്യാപരമായി സാധ്യതയുണ്ടെങ്കിലും, രാഷ്ട്രീയമായി അത് സങ്കീർണ്ണമാണ്. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് സീറ്റുകളും പട്ടാളി മക്കള്‍ കക്ഷിയില്‍ (പിഎംകെ) നിന്ന് നാല് സീറ്റുകളും ഉള്‍പ്പെടെ ആവശ്യമായ ഒൻപത് സീറ്റുകള്‍ നേടാൻ സാധിക്കും. എന്നാല്‍ ഇത് നിലവിലെ രണ്ട് പ്രധാന സഖ്യങ്ങളെ ലംഘിക്കുന്നതിന് തുല്യമാകും.
കോണ്‍ഗ്രസ് ദ്രാവിഡ മുന്നേറ്റ കഴകവുമായും (ഡിഎംകെ) പിഎംകെയാകട്ടെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായും (എഐഎഡിഎംകെ) സഖ്യത്തിലാണ്. ഇങ്ങനെയൊരു സർക്കാരിന് തെറ്റുകള്‍ക്ക് ഇടം തീരെ കുറവായിരിക്കും. അതിനാല്‍, സഖ്യകക്ഷി ഭരണം, ആഭ്യന്തര കെട്ടുറപ്പ്, രാഷ്ട്രീയ അച്ചടക്കം എന്നിവ തുടക്കം മുതല്‍ നിർണായകമാണ്. ഈ രീതി സാധ്യമാവുമോ എന്നാണ് കണ്ടറിയേണ്ടത്.
