സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു : 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കേരളത്തില്‍ വേനല്‍ കഠിനമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.പാലക്കാട് ജില്ലയില്‍ ചൂട് അതികഠിനമായി തുടരുകയാണ്. ഇന്നലെ 39.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട്, ഇന്ന് 40 ഡിഗ്രി കടന്നേക്കുമെന്നാണ് പ്രവചനം.
ചൂട് വർധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും സൂര്യാതപവും മറ്റ് ശാരീരിക അസ്വസ്ഥതകളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീവ്രമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരം നിർജ്ജലീകരണത്തിലേക്ക് പോകാതെ സൂക്ഷിക്കണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളില്‍ ഏർപ്പെടുന്നവർ ജോലി സമയം ഇതിനനുസരിച്ച് പുനഃക്രമീകരിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
