അഭിഷേകിൻ്റെ ആറാട്ട്, ഡൽഹിയെ 47 റണ്‍സിന് തോൽപ്പിച്ചു : ഹാട്രിക് വിജയവുമായി ഹൈദരാബാദ്
ഹൈദരാബാദ് : അഭിഷേക് ശര്‍മ കണ്ണഞ്ചിക്കുന്ന സെഞ്ച്വറിയുമായി അഴിഞ്ഞാടിയപ്പോള്‍ ഐപിഎല്ലില്‍ ഹാട്രിക് വിജയം കൊയ്തിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിനാണ് ഓറഞ്ച് ആര്‍മി തീര്‍ത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലില്‍ നിന്നും അവര്‍ മൂന്നിലേക്കും കയറിയിരിക്കുകയാണ്.
243 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡിസിക്കു മുന്നില്‍ എസ്‌ആര്‍എച്ച് വച്ചത്. ഇതു മറികടണമെങ്കില്‍ അഭിഷേക് കളിച്ചതു പോലെയൊരു സ്‌പെഷ്യല്‍ ഇന്നിങ്‌സ് ആരെങ്കിലും കളിക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷെ അതുണ്ടായില്ല. എങ്കിലും ഡിസി അവസാനം വരെ ശരിക്കും പൊരുതി നോക്കി. എങ്കിലും ഒമ്പതു വിക്കറ്റിനു 195 റണ്ണെടുക്കാനേ ഡിസിക്കായുള്ളൂ.
മൂന്നാം നമ്പറിലെത്തി 57 റണ്‍സെടുത്ത നിതീഷ് റാണയാണ് ഡിസിയുടെ ടോപ്‌സ്‌കോറര്‍. 30 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സമീര്‍ റിസ്വി (41), കെഎല്‍ രാഹുല്‍ (37), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (27) എന്നിവരാണ് ഡിസിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇത്ര വലിയ സ്‌കോര്‍ ചേസ് ചെയ്യാന്‍ ഓപ്പണര്‍മാരില്‍ നിന്നും ഒരു സ്‌ഫോടനാത്മക തുടക്കം ഡിസിക്കു ആവശ്യമായിരുന്നു. പക്ഷെ അവര്‍ക്കു അതു ലഭിച്ചില്ല. മോശം ഫോം തുടരുന്ന ശ്രീലങ്കന്‍ താരം പതും നിസങ്ക വെറും എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങി (21/1). രണ്ടാം വിക്കറ്റില്‍ രാഹുല്‍- റാണ മികച്ച കൂട്ടുകെട്ടുമായി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 45 ബോളില്‍ 86 റണ്‍സ് ഈ സഖ്യം നേടി.
എന്നാല്‍ റാണയെയും ഡേവിഡ് മില്ലറെയും (ഗോള്‍ഡന്‍ ഡെക്ക്) അടുത്തടുത്ത ബോളില്‍ ഇഷാന്‍ മലിങ്ക മടക്കിയതോടെ ഡിസി വീണ്ടും ബാക്ക് ഫൂട്ടിലായി. അഞ്ചാം വിക്കറ്റില്‍ റിസ്വി- സ്റ്റബ്‌സ് ജോടി 33 ബോളില്‍ 59 റണ്‍സടിച്ചെങ്കിലും എസ്‌ആര്‍എച്ച് അപ്പോഴേക്കും പൂര്‍ണമായും പിടിമുറുക്കി കഴിഞ്ഞിരുന്നു. നാലു വിക്കറ്റുകളെടുത്ത ഇഷാന്‍ മലിങ്കയും മൂന്നു പേരെ മടക്കിയ ഹര്‍ഷ് ദുബെയും ചേര്‍ന്നാണ് ഡിസിയെ പൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വെറും രണ്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 242 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതില്‍ പകുതിയിലേറെ റണ്‍സും അഭിഷേക് ശര്‍മയുടെ ബാറ്റില്‍ നിന്നായിരുന്നു. പുറത്താവാതെയാണ് 135 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്. വെരും 68 ബോളിലാണിത്. 10 വീതം ഫോറും സിക്‌റും ഇതിലുള്‍പ്പെടും.
വെറും 47 ബോളിലാണ് അഭിഷേക് തന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ കളിയിലെ ഇന്നിങ്‌സോടെ ഒമ്പതു ടി20 സെഞ്ച്വറികളെന്ന ഓള്‍ടൈം ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. ഹെന്‍ട്രിച്ച് ക്ലാസെന്‍ (13 ബോളില്‍ 37), ട്രാവിസ് ഹെഡ് (37), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (25) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
മികച്ച തുടക്കമാണ് അഭിഷേക്-ഹെഡ് ജോടി ഓറഞ്ച് ആര്‍മിക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 53 ബോളില്‍ 97 റണ്‍സ് ഈ സഖ്യം വാരിക്കൂട്ടി. രണ്ടാം വിക്കറ്റില്‍ അഭിഷേക്-ഇഷാന്‍ ജോടി 35 ബോളില്‍ 79 റണ്‍സും അടിച്ചെടുത്തു. അടുത്ത വിക്കറ്റില്‍ ക്ലാസെനൊപ്പം 32 ബോളില്‍ 66 റണ്‍സും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. രണ്ടു ടീമുകളിലും മാറ്റങ്ങളുണ്ടായിരുന്നു. ഡിസി ഒരു മാറ്റമാണ് വരുത്തിയത്. പേസര്‍ ആക്വിബ് നബിയെ ഒഴിവാക്കി നിതീഷ് റാണയെ തിരികെ വിളിച്ചു. എസ്‌ആര്‍എച്ചില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ഹര്‍ഷ് ദുബെയും ദില്‍ഷന്‍ മധുഷങ്കയും ഇലവനിലെത്തി.
പ്ലെയിങ് 11
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (c), ഹെന്‍ട്രിച്ച് ക്ലാസെന്‍, സലില്‍ അറോറ (w), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവംഗ് കുമാര്‍, ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, ഇഷാന്‍ മലിംഗ.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍, ടി നടരാജന്‍.
