April 19, 2026

കൊടും ചൂട് തുടരും : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Share

 

സംസ്ഥാനത്ത് വിവിധ ജില്ലകകളില്‍ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും.

 

അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കനത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ചു. 116.11 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ചത്തെ മൊത്ത വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യം കഴിഞ്ഞ ദിവസം 6,013 മെഗാവാട്ടിലെത്തി. വൈകുന്നരേത്തെ വൈദ്യുതി ആവശ്യകത 6,300 മെഗവാട്ട് വരെ എത്തിയാല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

 

10 മുതല്‍ 15 മിനിറ്റ് വരെ ഫീഡർ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്ന നിയന്ത്രണത്തിനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്. വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും ട്രാൻസ്ഫോർമറുകള്‍ തകരാറിലായി. ഇവയുടെ അറ്റകുറ്റപണികള്‍ നടത്തുകയാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.