April 16, 2026

എസ്‌എസ്‌എല്‍സി പരീക്ഷാ ഹാളില്‍ എന്തൊക്കെ കൊണ്ടുപോകാം, എന്തൊക്കെ ഒഴിവാക്കണം?

Share

 

വരുന്ന മാർച്ച്‌ അഞ്ചിന് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓരോ വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.പരീക്ഷാ ഹാളില്‍ കയറുന്നതിന് തൊട്ടുമുമ്പ് “‌അത് എടുക്കാൻ മറന്നോ?”, “ഇത് കൊണ്ടുപോകാൻ അനുവാദമുണ്ടോ?” എന്നൊക്കെയുള്ള സംശയങ്ങള്‍ കുട്ടികളില്‍ സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ അത് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.

 

പരീക്ഷാ ഹാളിനുള്ളിലെ നിബന്ധനകളെക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണയുണ്ടെങ്കില്‍ ഇത്തരം ആശങ്കകള്‍ ഒഴിവാക്കി പരീക്ഷക്കാലം ഈസിയാക്കാനാകും. അത്തരത്തില്‍ ഇക്കൊല്ലത്തെ പരീക്ഷയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ കൊണ്ടുപോകേണ്ടതും, ഒഴിവാക്കേണ്ടതുമായ വസ്തുക്കള്‍ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

 

പരീക്ഷാ ഹാളില്‍ നിർബന്ധമായും കരുതേണ്ടവ

 

ഹാള്‍ ടിക്കറ്റ്: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഇതില്ലാതെ പരീക്ഷാ ഹാളില്‍ പ്രവേശനം അനുവദിക്കില്ല. ഹാള്‍ ടിക്കറ്റിൻ്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. എപ്പോഴെങ്കിലും ഒർജിനല്‍ നഷ്ടമായാല്‍ ഈ കോപ്പി ഉപയോഗിച്ച്‌ പരീക്ഷയെഴുതാൻ സാധിക്കും.

 

നീല അല്ലെങ്കില്‍ കറുപ്പ് മഷിയിലുള്ള ഒന്നിലധികം പേനകള്‍ കൈയ്യില്‍ കരുതുക. പെൻസില്‍, ഇറേസർ, ഷാർപ്പനർ, സ്കെയില്‍ എന്നിവ സ്വന്തമായി ഉണ്ടായിരിക്കണം. ഗണിത പരീക്ഷയ്ക്ക് ആവശ്യമായ ഇൻസ്ട്രുമെന്റുകള്‍ ഉള്‍പ്പെടുന്ന ബോക്സ് ഉറപ്പായും കൈയ്യില്‍ ഉണ്ടായിരിക്കണം. പേനയും മറ്റും സൂക്ഷിക്കാൻ പൗച്ച്‌ ഉപയോഗിക്കുക.

 

കുടിവെള്ളം കൈയ്യില്‍ കരുതാൻ അനുവാദമുണ്ട്. ലേബലുകള്‍ ഒട്ടിച്ച കുപ്പികള്‍ കഴിവതും ഒഴിവാക്കുക. സമയം അറിയുന്നതിന് സാധാരണ വാച്ചുകള്‍ ഉപയോഗിക്കാവുന്നതാണ്.

 

പരീക്ഷാ ഹാളില്‍ കർശനമായും ഒഴിവാക്കേണ്ടവ

 

മൊബൈല്‍ ഫോണ്‍, സ്മാർട്ട് വാച്ച്‌, ഹെഡ്‌സെറ്റ്, കാല്‍ക്കുലേറ്റർ, ഡിജിറ്റല്‍ ഡയറി തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അബദ്ധവശാല്‍ പോലും ഇവ കൈവശം വെക്കരുത്.

പുസ്തകങ്ങള്‍, കുറിപ്പുകള്‍, പേപ്പർ കഷ്ണങ്ങള്‍, ഫോർമുലകള്‍ എഴുതിയ കടലാസുകള്‍ തുടങ്ങിയവ കൊണ്ടുപോകരുത്. പിടിച്ചാല്‍ കർശനമായ നടപടി സ്വീകരിക്കേണ്ടി വരും.

പരീക്ഷാ ബോർഡുകളില്‍ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. സാധാരണയായി ഇവ അനുവദിക്കാറില്ലെങ്കിലും സുതാര്യമായ ബോർഡുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

ഉത്തരക്കടലാസില്‍ വൈറ്റ്നറോ മറ്റ് നിറത്തിലുള്ള പേനകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. തെറ്റുകള്‍ വന്നാല്‍ പേന കൊണ്ട് വെട്ടുന്നതാണ് നിയമവിധേയം. ഒറ്റവരയില്‍ വെട്ടുക. കറുപ്പിക്കാനോ പേപ്പർ കീറുന്ന വിധം വെട്ടിത്തിരുത്തലുകള്‍ പാടില്ല.

ബാഗുകള്‍ ഹാളില്‍ പ്രവേശിപ്പിക്കില്ല, അവ ഹാളിന് പുറത്ത് നിശ്ചിത സ്ഥാനത്ത് വെക്കുക.


Share
Copyright © All rights reserved. | Newsphere by AF themes.