January 31, 2026

വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് : സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് മന്ത്രി

Share

 

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുകളില്‍ ഉണ്ടായിരുന്ന വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിര്‍മിച്ച്‌ നല്‍കിയ വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

 

പഠന ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് ചടങ്ങില്‍ നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ച്‌ കൊണ്ടായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. പഠന ഭാരം കൂടുതല്‍ എന്നത് പൊതുവില്‍ ഉള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസില്‍ 25 ശതമാനം കുറയ്ക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ച വിഷയമാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാകില്ല. എന്നാല്‍ സിലബസിന്റെ വലിപ്പം കുറയുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.

 

 

കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഉള്‍പ്പെട്ട കരട് റിപ്പോര്‍ട്ടിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക എന്നതാണ് ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.