December 5, 2024

അരിവാൾ രോഗിയായ യുവതി മരിച്ചു : വയനാട് മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

Share


മാനന്തവാടി : വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്.

 

അരിവാൾ രോഗിയായ സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നേഴ്സുമാർ ഗീതയോട് തട്ടിക്കയറുകയാണ് ചെയ്തത്. ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച രോഗിയെ തങ്ങളെ സമാധാനിപ്പിക്കാൻ ആയി ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറഞ്ഞു.

 

ഉച്ച കഴിയുന്നതുവരെ സിന്ധുവിന് വലിയ അവശതകൾ ഒന്നുമുണ്ടായിരുന്നില്ല. രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നേഴ്സുമാരോട് പറഞ്ഞത്. എന്നാൽ മരുന്നല്ല ഭക്ഷണമാണ് വേണ്ടതെന്ന് പറഞ്ഞ് നേഴ്സുമാർ ഭക്ഷണപാത്രം സിന്ധുവിന്റെ മടിയിൽ വച്ചുകൊടുത്തുവെന്നും ഇവർ പറഞ്ഞു.

 

9 മണിയോടെയാണ് സിന്ധു മരിച്ചത്. സിന്ധുവിന്റെ മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായെന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് ബന്ധുക്കൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.