സ്‌കൂള്‍ തുറക്കല്‍ : കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം
കൽപ്പറ്റ : ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. തദ്ദേശസ്ഥാപനത്തില്‍ നിന്നും ഫിറ്റ്‌നസ് ലഭ്യമാകാത്ത സാഹചര്യത്തില്‍ പ്രധാനധ്യാപകര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടത്തെയും അറിയിക്കണം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കലിനോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്വയംഭരണ-ഭക്ഷ്യസുരക്ഷ- ആരോഗ്യ-പോലീസ്-എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വില്‍പന പരിശോധിക്കും. വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക്‌സൈന്‍ ബോര്‍ഡുകള്‍, സീബ്രാ ലൈന്‍ എന്നിവ ഇല്ലെങ്കില്‍ അധ്യാപകര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ്, ആര്‍ടിഒ, പിഡബ്ല്യുഡി എന്നീ വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ ഇടപെടല്‍ നടത്തണം. സ്‌കൂള്‍ കുട്ടികളുടെ യാത്ര സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാര വാഹനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
സ്‌കൂള്‍ പരിസരങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ മുറിച്ച് മാറ്റണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര പാസ്സ് അനുവദിക്കുന്നതില്‍ തടസം നേരിടുന്നില്ലെന്ന് ആര്‍ടിഒ ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള പരിശോധന ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതില്‍ തടസമുണ്ടെങ്കില്‍ പ്രധാന അധ്യാപകന്‍ ലീഡ് ബാങ്ക് മാനേജരെ അറിയിക്കണം. മുഴുവന്‍ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തുന്നതിന് വാര്‍ഡ് അംഗം, കുടുംബശ്രീ, ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. ആഴ്ചയിലൊരിക്കല്‍ പ്രൊമോട്ടര്‍മാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൃത്യമായി ക്ലാസില്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാവാഹിനി പദ്ധതിയില്‍ വാഹനം ഏര്‍പ്പെടുത്തുന്നതില്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. അര്‍ഹരായവര്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
*കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത ഇടപെടല്‍*
കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ തിരികെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും നിലനിര്‍ത്തുന്നതിനായും എല്ലാ വകുപ്പുകളുടെയും സംയുക്ത ഇടപെടല്‍ വേണം. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് സ്‌കൂളുകളിലേക്കും തിരികെ വിദ്യാലയങ്ങളിലേക്കും സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട യാത്ര സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ നല്‍കണം. കൗണ്‍സിലിംഗ് ആവശ്യമായ കുട്ടികള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൗണ്‍സിലിംഗ് നല്‍കണം. വിദ്യാലയങ്ങളില്‍ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ക്യാമ്പ് ആവശ്യമെങ്കില്‍ മൂന്ന് ദിവസം മുമ്പ് ഐടി മിഷനുമായി ബന്ധപ്പെടണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബന്ധപ്പെട്ട എസ്.എച്ച്.ഒ ക്ക് പ്രധാന അധ്യാപകര്‍ അപേക്ഷ നല്‍കണം. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി ജന ജാഗ്രത സമിതി യോഗം ചേരുവാനും യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.