വനിതാ കമ്മീഷൻ അദാലത്ത് : 30 കേസുകൾ പരിഗണിച്ചു
കൽപ്പറ്റ : നിയമപരമായ സംരക്ഷണം സംബന്ധിച്ച് സ്ത്രീകള്‍ക്കുള്ള ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
കളക്ടറേറ്റിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ കമ്മീഷന് മുമ്പാകെ എത്തിയ പരാതികളിൽ കൂടുതലും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണെന്ന് കമ്മീഷൻ അംഗം പറഞ്ഞു. വീടുകളിൽ നേരിടുന്ന പ്രശ്നങ്ങൾ, വിവേചനങ്ങൾ പരാതികളായി നൽകാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നുണ്ട്. നിയമ സംരക്ഷണം ഉറപ്പാക്കിയിട്ടും കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യവും നിലവിലുണ്ട്. കമ്മീഷന് മുന്നിലെത്തുന്ന പല പരാതികളിലും ഒത്തുതീർപ്പിനോ നിയമപരമായ വേർപിരിയലിനോ തയ്യാറാകാതെ മുന്നോട്ടു പോകുന്ന പ്രവണതയുണ്ട്.
അദാലത്തില്‍ 30 കേസുകൾ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. നാല് പരാതികളില്‍ കമ്മീഷൻ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറി. അടുത്ത അദാലത്തിലേക്ക് 24 പരാതികൾ മാറ്റിവെച്ചു. അഡ്വ. മിനി മാത്യൂസ്, കൗണ്‍സിലര്‍മാരായ എം. ജീജ. കെ.ആർ ശ്വേത, ബിഷ ദേവസ്യ എന്നിവർ പങ്കെടുത്തു.