പുതുവര്‍ഷത്തില്‍ മാറ്റമില്ലാതെ തുടർന്ന് സ്വര്‍ണവില എത്ര ; പവന് 46840 രൂപ
കൽപ്പറ്റ : സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയ്ക്ക് സാക്ഷിയായ വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. പവന് 40000 രൂപ എത്തുന്നത് വലിയ ചര്‍ച്ചയായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍. എന്നാല്‍ ഡിസംബര്‍ ആയപ്പോഴേക്കും 47000 രൂപയിലെത്തുന്നതും ഉപഭോക്താക്കള്‍ കണ്ടു. പുതിയ വര്‍ഷത്തില്‍ സ്വര്‍ണ വില എങ്ങനെയാകുമെന്ന ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ വില മുന്നേറ്റത്തില്‍ നിന്ന് ഒരു കാര്യം മനസിലാക്കാം. സ്വര്‍ണവിലയില്‍ വന്‍തോതിലുള്ള വിലയിടിവ് പ്രതീക്ഷിക്കേണ്ട. വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. എങ്കിലും വില ഉയരാന്‍ തന്നെയാണ് സാധ്യത. സ്വര്‍ണത്തിന് 70000 രൂപ വരെ എത്തിയേക്കുമെന്ന് പ്രവചനങ്ങളുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46840 രൂപയാണ്. ഡിസംബറിലെ അവസാന ദിനങ്ങളിലെ വില ഇന്നും തുടരുകയാണ്. ആഗോള തലത്തില്‍ പല രാജ്യങ്ങളിലും ഇന്ന് വിപണി അവധിയായതിനാല്‍ വരും ദിവസങ്ങളില്‍ മാറ്റം പ്രതീക്ഷിക്കാം. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5855 രൂപയാണ്.
ഡോളര്‍ സൂചിക 101.58 എന്ന നിരക്കില്‍ തുടരുകയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.16 ലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 83.25 ആയിരുന്നു. എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 77 ഡോളറില്‍ തുടരുകയാണ്. എണ്ണ വില വലിയ തോതില്‍ വര്‍ധിക്കുമോ എന്ന ആശങ്ക കഴിഞ്ഞാഴ്ചയുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നത് ആശ്വാസകരമാണ്.
അതേസമയം, കഴിഞ്ഞാഴ്ച വലിയ കുതിപ്പ് നടത്തിയ ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് അല്‍പ്പം താഴ്ന്നിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബര്‍ ആദ്യവാരത്തിലാണ് ഓഹരി വിപണി കുതിക്കാന്‍ തുടങ്ങിയത്. സെന്‍സെക്‌സ് സൂചിക 70000 പോയന്റ് എന്ന റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയും ചെയ്തിരുന്നു.
ബാങ്കുകള്‍ പലിശ നിരക്കില്‍ വരുത്തുന്ന മാറ്റം, ഡോളര്‍ മൂല്യത്തിലെ വ്യതിയാനം, ഇന്ത്യന്‍ രൂപയുടെ മൂല്യം, വിപണിയിലെ ആശങ്കയും പ്രതീക്ഷയും… തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുക. നിക്ഷേപകര്‍ ആശങ്കയിലാകുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കാണ് തിരിയുക. ഈ വേളയില്‍ സ്വര്‍ണവില ഉയരും.
