പരിയാരത്ത് കാട്ടാനശല്യം രൂക്ഷം : വാഴകൾ വ്യാപകമായി നശിപ്പിച്ചു
പനമരം : പനമരം പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെടുന്ന പരിയാരത്ത് കാട്ടാന ശല്യം രൂക്ഷമാവുന്നു. ശനിയാഴ്ച പുലർച്ചെയെത്തിയ ഒറ്റയാൻ വാഴകൾ കൂട്ടത്തോടെ ചവിട്ടിമെതിച്ചു. പരിയാരം കുഴികണ്ണിൽ പി.ഗോപാലന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് ഒറ്റയാൻ വിളയാടിയത്. ഒരുമാസത്തിനിടെ ഗോപാലന്റെ 250 ഓളം വാഴകളാണ് കാട്ടാന ചവിട്ടിമെതിച്ചത്.
പാതിരി സൗത്ത് സെക്ഷനിലെ വനത്തിൽ നിന്നും അമ്മാനി, പുഞ്ചവയൽ പ്രദേശങ്ങൾ താണ്ടിയാണ് കാട്ടാന ഇവിടേക്കെത്തിയത്. ശനിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ എത്തിയ ഒറ്റയാന്റെ ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് തെളിച്ചതോടെ നാലുമണിയോടെ വീണ്ടുമെത്തി. ഇതിനിടെ 25 വാഴകൾ ചവിട്ടിമെതിച്ചു. രണ്ട് തെങ്ങും നശിപ്പിച്ചു. 20 ദിവസം മുമ്പ് കാട്ടാനകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിച്ചിരുന്നു. 10 ദിവസം മുമ്പ് വീണ്ടും കാട്ടാനയെത്തി കാർഷിക വിളകൾ നശിപ്പിച്ചു. രണ്ടു വർഷംമുമ്പും കാട്ടാനകൾ തെങ്ങ്, വാഴ, ചേന, ചേമ്പ്, കമുക് തുടങ്ങി വിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. സമീപത്തെ തുരുത്തി ജോസഫിന്റെ കൃഷിയിടത്തിലും ശനിയാഴ്ച പുലർച്ചെ കൃഷിനാശമുണ്ടാക്കി.
കാട്ടാനകൾ പതിവായെത്തുന്നതിനാൽ കൃഷി പാടെ ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് ഗോപാലനും ഭാര്യ തങ്കമ്മയും പറയുന്നു. സന്ധ്യയായാൽ പുറത്തിറങ്ങാൻ പോലും ഭയക്കണം. വനംവകുപ്പ് അധികൃതർ കാട്ടാനകൾ ഗ്രാമകളിലേക്കിറങ്ങാതിരിക്കാനായി വനാതിർത്തികളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ചിത്രം: കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽ ഗോപാലനും ഭാര്യ തങ്കമ്മയും.