പനമരം കീഞ്ഞുകടവിൽ മാലിന്യവുമായെത്തിയ പഞ്ചായത്ത് ട്രാക്ടർ നാട്ടുകാർ തടഞ്ഞു
പനമരം : കീഞ്ഞുകടവിൽ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. ഹരിത കർമ്മസേനകൾ ശേഖരിക്കുന്നതും, പനമരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യം കൊണ്ടുപോവുന്ന പനമരം ഗ്രാമപ്പഞ്ചായത്തിന്റെ ട്രാക്ടറാണ് തടഞ്ഞത്. തുടരെ മൂന്ന് തവണ വാഹനം എത്തിയതോടെ സംശയം തോന്നിയ നാട്ടുകാർ ട്രാക്ടർ റോഡിൽ തടയുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കീഞ്ഞുകടവിലെ കാക്കത്തോടിലേക്ക് മാലിന്യവുമായി അടുപ്പിച്ച് മൂന്ന് ലോഡെത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വാഹനം തടഞ്ഞ് പരിശോധിച്ചതിൽ ബേക്കറികളിലെയും, ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തി. വിവാഹ വീടുകളിൽ നിന്നുള്ള മാലിന്യവും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ഉത്തരവാദിത്തപ്പെട്ടവർ വരാതെ വാഹനം കടന്നുപോവാൻ അനുവദിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിൽക്കുകയായിരുന്നു. ഇതേത്തുടർന്ന് പനമരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും വാർഡംഗവും പനമരം പോലീസും സ്ഥലത്തെത്തി. പ്രളയബാധിത പ്രദേശത്തെ ജനവാസ മേഖലയിൽ ഇത്തരം മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പ് ഇവിടെ മാലിന്യം തള്ളുന്നത് പ്രശ്നമായതോടെ നിർത്തിയിരുന്നു. പിന്നീട് കൊവിഡ് കാലത്ത് താല്കാലിമായി ഹരിത കർമ്മ സേനകൾ ശേഖരിക്കുന്ന മാലിന്യം കാക്കത്തോടിൽ സ്റ്റോക്ക് ചെയ്ത് കയറ്റിവിടാൻ അനുവതിച്ചത് ദുരുപയോഗം ചെയ്യുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ഇതോടെ കാക്കത്തോടിലെ മാലിന്യം രണ്ടുദിവസത്തിനകം മാറ്റി നൽകാമെന്ന് പഞ്ചായത്ത് അധികതർ ഉറപ്പു നൽകി. അടുത്ത ദിവസം പഞ്ചായത്തിൽ ജനകീയ കമ്മിറ്റി ചേർന്ന് മാലിന്യകേന്ദ്രം തുടരുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.
രണ്ടാഴ്ച മുമ്പ് കാക്കത്തോടിലെ മാലിന്യകേന്ദ്രത്തോട് ചേർന്ന് പരിസരവാസികൾ പോലും അറിയാതെ പനമരം ബ്ലോക്ക് പഞ്ചായത്ത് ആർ.ആർ.എഫ് സെന്ററിനുള്ള കെട്ടിടം ഒരുക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇതിനുള്ള നിർമാണ പ്രവൃത്തി നാട്ടുകാർ തടഞ്ഞിരുന്നു. കബഡി പരിശീലന മൈതാനമായിരുന്ന കാക്കത്തോടിൽ മുമ്പ് പഞ്ചായത്ത് മണ്ണിര കമ്പോസ്റ്റ് നിർമാണത്തിനായാണ് ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിതത്. എന്നാൽ ഇവിടം പിന്നീട് മാലിന്യങ്ങൾ തള്ളാനുള്ള ഇടമാക്കി പഞ്ചായത്ത് മാറ്റി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരങ്ങൾ കത്തിക്കാൻ തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധം കനത്തു. ഇതോടെ ഇവിടെ മാലിന്യം തളളുന്നത് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഒന്നര വർഷം മുമ്പായിരുന്നു താല്കാലികമായി കെട്ടിടത്തിൽ മാലിന്യം സ്റ്റോക്ക് ചെയ്യാൻ പഞ്ചായത്ത് നാട്ടുകാരുടെ അനുവാദം നേടിയത്.
ചിത്രം : കാക്കത്തോടിലേക്ക് മാലിന്യവുമായെത്തിയ പഞ്ചായത്ത് വാഹനം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് പോലീസെത്തി വിവരം ചോദിച്ചറിയുന്നു.