മാനന്തവാടി ടൗണിലെ കക്കൂസ് മാലിന്യം പോലും നീക്കുന്നില്ല : നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ച് സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ
ഒടുവിൽ 7 ദിവസത്തിനകം മാലിന്യം നീക്കുമെന്ന് ഉറപ്പ്
മാനന്തവാടി: റോഡ് നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ മാനന്തവാടി ഗാന്ധി പാർക്ക് കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യവും, വള്ളിയൂർകാവ് റോഡിലെ ഓവുചാൽ മാലിന്യവും ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) മാനന്തവാടി ഏരിയ കമ്മിറ്റി പ്രവർത്തകർ മാനന്തവാടി നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു.
കക്കൂസ് ടാങ്ക് പൊളിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം പൂർണമായി നീക്കാത്തതിനാൽ ഏറെ ദുരിതം പേറിയാണ് സമീപത്തെ ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ശാശ്വത പരിഹാരം നീളുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധമെന്ന് തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളികളും, യൂണിയൻ നേതാക്കളും ചെയർ പേഴ്സനുമായി ചർച്ച നടത്തി. മാനന്തവാടി നഗരസഭ പരിധിയിലെ ഗാന്ധി പാർക്കിലെ കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്കും നഗരസഭ ഓഫീസ് കെട്ടിടത്തിലെ ടോയ്ലറ്റ് സെപ്റ്റിക് ടാങ്കും 7 ദിവസത്തിനുളളിൽ പൂർണ്ണമായും മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കുമെന്ന് ചെയർ പേഴ്സൻ ഉറപ്പു നൽകി. ഇതോടെയാണ് സമരക്കാർ പിരിഞ്ഞു പോയത്.