കൂളിവയലിൽ വൻ കവർച്ച ; രണ്ടര ലക്ഷത്തോളം കവര്‍ന്ന് മുങ്ങിയ പ്രതികള്‍ പിടിയിൽ
പനമരം : പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം മണിക്കൂറുകള്‍ക്കകം പിടിയിലായി. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പനമരം സി.ഐ സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്‍, പോലീസ് രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മംഗലാപുരത്തെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് മംഗലാപുരം റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതേ സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന്‍ സ്വദേശികളുമായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാകേഷ് എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തിലെ ലോക്കര്‍ തകര്‍ത്ത് 2, 34,000 രൂപയാണ് ഇവര്‍ കവര്‍ന്നത്. രാത്രി 11.30 നായിരുന്നു കവര്‍ച്ച നടത്തിയത്.
തുടര്‍ന്ന് സംഘം ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും ട്രെയിന്‍ മാര്‍ഗം മംഗലാപുരം വഴി കടന്നു കളയാന്‍ ശ്രമിക്കുകയുമായിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങളും, മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്. മൂന്ന് മാസം മുന്‍പാണ് പ്രതികള്‍ ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പനമരം എസ്.ഐ വിമല്‍ ചന്ദ്രനും സംഘവും മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.