കടലില്ലാത്ത വയനാട്ടിൽ സമുദ്രവിസ്മയങ്ങളുമായി ഓഷ്യാനോസ് പനമരത്ത്
പനമരം : കടലിന്റെ വിസ്മയക്കാഴ്ചകളുമായി ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ ഏപ്രിൽ 21 മുതൽ മെയ് 14 വരെ പനമരം ആര്യന്നൂർ വയലിൽ. ഏപ്രിൽ 21ന് വൈകുന്നേരം 4 മണിക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
6.5 കോടി രൂപ ചിലവില്‍ 200 അടി നീളത്തില്‍ നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന പോര്‍ട്ടബ്ള്‍ ടണല്‍ അക്വേറിയത്തില്‍ കടലിന്റെ അടിത്തട്ടിലെ അത്ഭുത കാഴ്ചകള്‍ ആവിഷ്‌ക്കരിക്കുന്നതാണ് പ്രദര്‍ശനമെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ നിമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായ് സമുദ്രവും ലഗൂണുകളും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ പ്രദര്‍ശനത്തില്‍. ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകള്‍ കാണത്തക്ക വിധത്തിലുള്ള രൂപകല്പന കാഴ്ചക്കാര്‍ക്ക് കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതി പ്രദാനം ചെയ്യും. നിറം മാറുന്ന നീരാളി, വിവിധ വര്‍ണ്ണങ്ങളിലുള്ള കടല്‍പാമ്പുകള്‍, പുഷ്പങ്ങളെ പോലെ തോന്നിക്കുന്ന ഫ്‌ളഡ്ജ് ഇനത്തില്‍പെട്ട മത്സ്യങ്ങള്‍, വവ്വാലിന്റെ മുഖമുള്ള ആസ്‌ത്രേലിയയില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വ തെരണ്ടി-സ്രാവ് ഇനങ്ങള്‍, ഹണിമൂണ്‍ എന്നറിയപ്പെടുന്ന കടല്‍ച്ചെടികള്‍, 80 കി.ഗ്രാം ഭാരം വരുന്ന രാത്രി കാലങ്ങളില്‍ മനുഷ്യ ശബ്ദത്തില്‍ കരയുന്ന റെഡ് കാറ്റ് തുടങ്ങിയ ഇനങ്ങള്‍ പ്രദര്‍ശനത്തിലെ വിസ്മയക്കാഴ്ചകളാവും.
മികച്ച സമുദ്രവിജ്ഞാനം പ്രദാനം ചെയ്യുന്ന തരത്തില്‍ ഓരോ ജീവജാലങ്ങളെയും അതിന്റെ വിശദവിവരങ്ങള്‍ സഹിതമാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ പ്രയോജനകരമായിരിക്കും ഈ പ്രദര്‍ശനം. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 2 മുതല്‍ രാത്രി 9 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 9 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സാന്‍ഡ് ആര്‍ട്ട്, ക്ലേ ആര്‍ട്ട്, ഫണ്‍ ഗെയിം, അമ്യൂസ്മെന്റ് പാര്‍ക്ക്, നാടന്‍ – വിദേശ രുചിക്കൂട്ടൊരുക്കുന്ന ഫുഡ്കോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശന നഗരി അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് സജ്ജീകരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തോട്ടട സ്വദേശിയായ കെ.കെ നിമിലിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ പ്രൊജക്ടിന് ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ ടണലിനുള്ള അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്, യുആര്‍എഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങിയ പത്തോളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓഷ്യാനോസിന്റെ പതിനൊന്നാമത്തെ പ്രദര്‍ശനമാണ് പനമരം ആര്യന്നൂർ വയലിൽ ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061555508