രൂക്ഷമായ വന്യമൃഗ ശല്യം: നടവയലിൽ ജനകീയയോഗം ചേര്‍ന്നു
നടവയൽ : നടവയലിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ വന്യമൃഗശല്യത്തെ പ്രതിരോധിക്കാനായി പൂതാടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടവയലിൽ ജനകീയയോഗം ചേർന്നു. വിവിധ വകുപ്പുകളെയും കർഷകരെയും ഏകോപിച്ച് നടത്തിയ യോഗത്തിൽ 70 ഓളം പേർ പങ്കെടുത്തു. അടുത്തിടെയായി നടവയൽ ടൗണിൽ പോലും കാട്ടാനകൾ ഉൾപ്പെടെയെത്തി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയാണ്. ഇതോടെ ജനജീവിതം ദുഃസ്സഹമാണ്. കാർഷിക ഗ്രാമങ്ങളിൽ കാട്ടുപന്നി, മയിൽ, മാൻ, കുരങ്ങ്, കടുവ തുടങ്ങി വന്യമൃഗങ്ങളെത്തി വൻനാശം വിതയ്ക്കുന്നതോടെ ഏക ഉപജീവനമാർഗ്ഗമായ കൃഷിയും ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കർഷകർ. വനാതിർത്തി ഗ്രാമങ്ങളിൽ ആളുകൾക്ക് നേരെയും ആക്രമണങ്ങൾ പതിവായി മാറുകയുമാണ്. ഇതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. എം.എൽ.എ യുടെ നിർദ്ദേശപ്രകാരമായിരുന്നു ചൊവ്വാഴ്ച രാവിലെ 10.30 ഓടെ നടവയൽ ജൂബിലി ഹാളിൽ യോഗം ചേർന്നത്.
പൂതാടി പഞ്ചായത്തിലെ നടവയൽ, കേണിച്ചിറ, എടക്കാട്, പേരൂര്‍, വണ്ടിക്കടവ്, നെയ്ക്കുപ്പ തുടങ്ങി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുമായുള്ള തുറന്ന ചര്‍ച്ച നടന്നു. ജനകീയ കമ്മിറ്റി രൂപീകരിച്ച് വന്യമൃഗ ശല്യത്തിനെതിരെ പോരാടാൻ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സിസാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരന്‍, ചെതലയം റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ശശിധരന്‍, ഫോറസ്റ്റർമാരായ മണികണ്ഠന്‍, ടി.എൻ രാജേഷ്, നടവയല്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ:ജോസ് മേച്ചേരില്‍, ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടിജോസ്, പഞ്ചായത്ത് അംഗങ്ങളായ ബി.എം സരിത, ടി.കെ സുധീരന്‍, എ.എം പ്രസാദ്, വിവിധ രാഷ്ട്രീയ പ്രതിനിധികളും കർഷകരും പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
1) വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്കിറങ്ങുന്നത് തടയാനായി വനാതിർത്തിയിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ച് സ്ഥിരം കാവൽ ഏർപ്പെടുത്തും.
2) പഞ്ചായത്തംഗം ചെയര്‍മാനായും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി ആറംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
3) തകർന്നുപോയ കന്മതിലും വൈദ്യുത വേലിയും പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും.
4 ) എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി ക്രാഷ് ഗാർഡ് ഫെൻസിംഗ് ഒരുക്കും.
5) കാട്ടുപന്നികളെ കൊല്ലാൻ 45 ഓളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കും.
6) പിടിച്ചെടുത്ത തോക്കുകൾ വിട്ടു കിട്ടുന്നതിനുള്ള പുനർ നടപടികൾ നടത്തും.
7) കൃഷിനാശം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകും.
8 ) ഗ്രാമപ്പഞ്ചായത്ത് അടിയന്തിരമായി റോഡോരങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കും.
9) വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും.
10) എല്ലാമാസവും വാർഡ് തല കമ്മിറ്റികൾ കൂടാനും ജനങ്ങളുടെ പരാതികൾ പഞ്ചായത്ത് തല ജാഗ്രത സമിതി യോഗത്തിൽ ഉൾപ്പെടുത്തി പരിഹരിക്കാനും തീരുമാനിച്ചു.
ചിത്രം : വന്യമൃഗ പ്രതിരോധത്തിനായി നടവയൽ ജൂബിലി ഹാളിൽ ചേർന്ന ജനകീയയോഗത്തിൽ പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.