വയനാട് മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന്
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജില്‍ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതായി ആരോപണം. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമന്‍ (49) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും പിടിപെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് ശേഷം സ്‌കാനിംഗ് നടത്തി വാര്‍ഡിലേക്ക് മാറ്റി. വൈകീട്ട് 7 മണിയോടെ അസുഖം മൂര്‍ച്ഛിച്ചു. ഈ സമയം വേണ്ടചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഡോക്ടര്‍ എത്തിയപ്പോഴേക്കും ഇദ്ദേഹം മരണപ്പെട്ടിരുന്നു. മോര്‍ച്ചറിക്ക് പുറത്ത് അരമണിക്കൂറോളം മൃതദേഹംവച്ചതും വാക്കേറ്റത്തിനിടയാക്കി. സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്ന് ഡി.എം.ഒ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.
ഇതിനിടെ പോലീസ് ബന്ധുക്കളുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. രാവിലെ നടത്തിയ സ്‌കാനിംഗില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടും രോഗിയെ കാഷ്യാലിറ്റിയില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുകയും ആവശ്യ സമയത്ത് ഡോക്ടറുടെ സേവനം ലഭ്യമാവാതെ വന്നതുമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.