പേര്യ ഇരുമനത്തൂരിൽ കാട്ടുപോത്ത് ശല്യം രൂക്ഷം ; വാഴക്കൃഷി നശിപ്പിച്ചു : കർഷകർ ദുരിതത്തിൽ
മാനന്തവാടി : ഇരുമനത്തൂരിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഒട്ടേറെ കർഷകരുടെ വാഴക്കൃഷി കാട്ടുപോത്തുകൾ നശിപ്പിച്ചു. ഇരുമനത്തൂർ വയ്യോട് പ്രദേശത്തെ കർഷകരുടെ വാഴത്തോട്ടമാണ് കാട്ടുപോത്തുകൾ നശിപ്പിച്ചത്.
രാപകൽഭേദമില്ലാതെയാണ് കാട്ടുപോത്തുകൾ ഇരുമനത്തൂരിലെ കൃഷിയിടത്തിലിറങ്ങുന്നത്. ഇരുമനത്തൂർ വനത്തിൽ വർഷങ്ങളായി കാട്ടുപോത്തുകൾ വിഹരിക്കുകയാണ്. കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവയുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ഇവ പകൽസമയത്ത് കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ പടക്കം പൊട്ടിച്ച് തുരത്തി ഓടിക്കുകയാണ് പതിവ്. എന്നാൽ കാട്ടുപോത്തുകൾ കൂടുതലായും കൃഷിയിടത്തിലെത്തുന്നത് രാത്രി കാലങ്ങളിലാണ്. വാഴ, ഇഞ്ചി, കപ്പ തുടങ്ങിയ എല്ലാ വിളകളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് തുടർകഥയാകുകയാണ്. കൃഷിയിടത്തിന് ചുറ്റും വല കെട്ടിയാണ് ചിലർ കൃഷി സംരക്ഷിക്കുന്നത്. എന്നാൽ വല കാട്ടുപോത്തുകൾ കുത്തിക്കീറി നശിപ്പിച്ച് കൃഷിയിടത്തിലെത്തുന്നു. അതുകൊണ്ടുതന്നെ മുഴുവൻ സമയവും കൃഷിയിടത്തിന് കാവലിരിക്കേണ്ട സ്ഥിതിയാണ് കർഷകർക്ക്. വന്യമൃഗശല്യം രൂക്ഷമായതോടെ പല കർഷകരും ഇവിടെ കൃഷിതന്നെ ഉപേക്ഷിച്ചുകഴിഞ്ഞു. കൃഷിക്ക് ചെലവാക്കുന്ന തുകയേക്കാൾ കൂടുതൽ കൃഷി സംരക്ഷിക്കാൻ വേണ്ടിവരുന്നുണ്ടെന്ന് കർഷകർ പറയുന്നു.