ഹരജികള്‍ തള്ളി : ഇ.ഡിക്ക് റെയ്ഡ് നടത്താം, അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം ; സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി
1 min read
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതി തള്ളി. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അവകാശങ്ങളാണ് പരമോന്നത കോടതി ശരിവെച്ചത്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച 242 ഹരജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവി കുമാറും അംഗങ്ങളുമായ ഡിവിഷന്‍ ബെഞ്ചിന്‍റെ സുപ്രധാന വിധി.
കള്ളപ്പണ നിരോധന നിയമത്തിലെ (പി.എം.എല്‍ ആക്‌ട്) സെക്ഷന്‍ 5, സെക്ഷന്‍ 8 (4), സെക്ഷന്‍ 15, സെക്ഷന്‍ 17, സെക്ഷന്‍ 19, സെക്ഷന്‍ 45 എന്നീ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത കോടതി ശരിവെച്ചു. അറസ്റ്റിലായാല്‍ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകള്‍ പ്രതി ഹാജരാക്കണമെന്നും ജാമ്യവുമായി ബന്ധപ്പെട്ട സെക്ഷന്‍ 45നെ ശരിവെച്ച വിധിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ ഇ.സി.ഐ.ആര്‍ (എന്‍ഫോഴ്മെന്‍റ് പ്രഥമ വിവര റിപ്പോര്‍ട്ട്) സുപ്രധാന രേഖയാണെന്നും എഫ്.ഐ.ആറിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ.സി.ഐ.ആര്‍ പ്രതിക്ക് നല്‍കേണ്ടതില്ല. ഇ.സി.ഐ.ആറിലെ വിവരങ്ങള്‍ ധരിപ്പിച്ചാല്‍ മതി. കുറ്റാരോപിതന്‍ തടവിലായാല്‍ കോടതി വഴി പ്രതിക്ക് രേഖ ആവശ്യപ്പെടാമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, കള്ളപ്പണം നിരോധന നിയമത്തിലെ ഭേദഗതികള്‍ ധന ബില്ലായി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയത് ഭരണഘടനപരമാണോ എന്ന വിഷയത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനമെടുത്തില്ല. ഈ വിഷയം വിശാല ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കൂടാതെ, ഇ.ഡി കേസില്‍ വിചാരണ മാറ്റണമെന്ന ഹരജികള്‍ ഹൈകോടതിയിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടു. ജാമ്യപേക്ഷകള്‍ നല്‍കിയവര്‍ അതാത് കോടതികളെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭ്യമാക്കാനുള്ള കര്‍ശന വ്യവസ്ഥകള്‍, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാന്‍ കുറ്റാരോപിതനുള്ള ബാധ്യത, ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ നല്‍കുന്ന കുറ്റാരോപിതര്‍ മൊഴി കോടതിയില്‍ തെളിവായി ഉപയോഗിക്കാനുള്ള അനുമതി അടക്കം കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ സമര്‍പ്പിച്ചത്.