September 9, 2024

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി ; വയനാട്ടിലെ വിവിധയിടങ്ങളിൽ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍

1 min read
Share



മാനന്തവാടി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. പുലർച്ചെ മൂന്ന് മണിക്ക് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. 10 കർമ്മികളുടെ നേതൃത്വത്തിലാണ് ചടങ്ങ്. പുലർച്ചെ മുതലെ ആയിരകണക്കിന് വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുന്നതിനാൽ തിരുനെല്ലിയിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

പുലർച്ചെ മൂന്നു മണി മുതലാണ് പാപനാശിനിക്കരയിൽ പിതൃതർപ്പണം ആരംഭിച്ചത്. പത്മതീർത്ഥക്കുളം മുതൽ പാപനാശിനി വരെ ബാരിക്കേഡുകൾ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്. ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവ ക്ഷേത്രം വഴി തിരിച്ചു വിട്ടു.

പഞ്ചതീർത്ഥം വിശ്രമ മന്ദിരം മുതൽ പാപനാശിനിക്കു സമീപം പ്രവർത്തിച്ച ബലിസാധന വിതരണ കൗണ്ടർ വരെ രണ്ടു വരികളിലായാണ് വിശ്വാസികളെ കടത്തി വിട്ടത്. മഴ അല്പം മാറി നിന്നത് ഏവർക്കും പിതൃതർപ്പണം നടത്തി മടങ്ങുന്നതിന് കൂടുതൽ സൗകര്യമായി.

പഞ്ചതീർത്ഥ വിശ്രമമന്ദിരം, ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർമ്മിച്ച പൊതുസൗകര്യ കേന്ദ്രം എന്നിവിടങ്ങളിലും സ്വകാര്യ ഹോം സ്റ്റേകളിലുമാണ് ക്ഷേത്രത്തിലെത്തിയവർ താമസിച്ചത്. പാപനാശിനിക്കരയിൽ നടന്ന ബലിതർപ്പണത്തിന് എ.സി. നാരായണൻ നമ്പൂതിരി, ഗണേശൻ നമ്പൂതിരി, കുറിച്യൻമൂല നാരായണൻ നമ്പൂതിരി, ദാമോദരൻ പോറ്റി, ശംഭു പോറ്റി, ശ്രീധരൻ പോറ്റി, കണ്ണൻ പോറ്റി, ഉണ്ണി നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, രാമചന്ദ്ര ശർമ, മേച്ചിലാട്ട് സുബ്രഹ്മണ്യൻ നമ്പൂതിരി, എ.സി. രഞ്ജിത് നമ്പൂതിരി,ശ്രീകുമാർ. എൻ പോറ്റി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിച്ചു.

മീനങ്ങാടി പുറക്കാടി ശ്രീ പൂമാല പരദേവതാ ക്ഷേത്രത്തിന് 100 മീറ്റർ മാറി പുറക്കാടി പുഴക്കടവിലാണ് വാവുബലിക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. പുലർച്ചെ നാല് മണിയോടെ തന്നെ കടവ് വരെ ബലിതർപ്പണത്തിനെത്തിയവരുടെ നീണ്ട നിരയായിരുന്നു. 6 മണിയോടെ ബലിതർപ്പണ കർമ്മങ്ങൾ നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും തിരക്കൊഴിവാക്കാൻ കർമ്മങ്ങൾ നേരത്തെ തുടങ്ങുകയായിരുന്നു. വിനോദ് ശാന്തിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ആയിരങ്ങളാണ് പിതൃതർപ്പണബലിക്കായി പുറക്കാടി ശ്രീപൂമാല പരദേവതാ കടവിൽ ഒത്തുചേർന്നത്.
പുറക്കാടി എസ്.എൻ.ഡി.പി ശാഖ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാവുബലിക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പിതൃക്കളുടെ ശാന്തിയും, അനുഗ്രഹവും കുടുംബത്തിന് ഐശ്വര്യവും, ലഭിക്കുമെന്ന വിശ്വാസമാണ് കർക്കിടക വാവിലെ വാവ് ബലിയിലൂടെ ലക്ഷ്യമാക്കുന്നത്. ക്ഷേത്ര ദർശനത്തിനോടൊപ്പം ബലി തർപ്പണത്തിന് വന്നു ചേരുന്ന എല്ലാ വിശ്വാസികൾക്കും പ്രഭാത ഭക്ഷണവും, സംഘാടകർ ഒരുക്കിയിരുന്നു.

പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ ആയിര കണക്കിന് ആളുകള്‍ ബലിതര്‍പ്പണം നടത്തി. രാവിലെ 3.45 മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചു. കര്‍മ്മി ഗിരീഷ് അയ്യരുടെ നേതൃത്വത്തില്‍ 700 ലധികം ആളുകളെ ഒരുമിച്ച് ഇരുത്തിയാണ് ചടങ്ങുകള്‍ നടത്തിയത്. ഏതാണ്ട് ഏഴായിരത്തിലധികം ആളുകള്‍ ബലി കര്‍മ്മം നടത്തിയതായാണ് ഏകദേശ കണക്ക്. ഭക്തര്‍ക്കുള്ള എല്ലാ സന്നാഹങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു, ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ്, ക്ഷേത്ര സമിതി സംഘാടകര്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.

ഭക്തര്‍ക്ക്, സൗജന്യമായി ഭക്ഷണ വിതരണവും നടത്തി. പുലര്‍ച്ചെ മൂന്ന് മുതല്‍ കെ.എസ്.ആര്‍.ടി സി ബസ് ക്ഷേത്രത്തിലക്ക് സര്‍വ്വീസ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് മൂലം ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്താന്‍ കഴിയാത്തതിനാല്‍ തന്നെ ഇത്തവണ മുന്‍ വര്‍ഷങ്ങളെക്കാള്‍ തിരക്കാ ണ് അനുഭവപ്പെട്ടത്. മുത്തങ്ങ മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.