17 എം.പിമാരും 125 എം.എല്‍.എമാരും മുര്‍മുവിന് വോട്ട് മറിച്ചുകുത്തി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ 17 എം.പിമാരും 125 എം.എല്‍.എമാരും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറിച്ചു വോട്ടുചെയ്തു. ബി.ജെ.പിക്ക് ഏറെ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ നീക്കത്തില്‍ കേരളത്തില്‍നിന്ന് ലഭിച്ച ഏക വോട്ട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പ് ബാക്കിയാക്കി.
49 ശതമാനം വോട്ടു മാത്രം കൈവശമുണ്ടായിരുന്ന എന്‍.ഡി.എ പോള്‍ചെയ്തതിന്‍റെ 64 ശതമാനം വോട്ട് നേടിയാണ് ജയിച്ചത്. അത് 70ലെത്തിക്കണമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷ പക്ഷേ, പൂവണിഞ്ഞില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിപക്ഷ വോട്ടുകള്‍ വലിയ തോതില്‍ മറിഞ്ഞു. അസമില്‍ 25 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് മുര്‍മുവിന് വോട്ടു ചെയ്തത്.
സ്വന്തം സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ കേവലം ഒൻപത് വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് കിട്ടിയത്. ഗുജറാത്തില്‍ പത്തും ബിഹാറിലും ഛത്തിസഗ്ഢിലും ആറ് വീതവും കോണ്‍ഗ്രസ് വോട്ടുകളും മുര്‍മുവിന് വീണു.
മണിപ്പൂരില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും മേഘാലയയില്‍ തൃണമൂല്‍ എം.എല്‍.എ.മാരും മുര്‍മുവിന് വോട്ടു ചെയ്തു. ആന്ധ്ര പ്രദേശ്, സിക്കിം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു വോട്ടുപോലും സിന്‍ഹക്ക് ലഭിച്ചില്ല.