ചരിത്രമെഴുതി നീരജ് ചോപ്ര ; ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിനിൽ വെള്ളി മെഡൽ
1 min read
യുജീൻ ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി മത്സരിച്ച നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡൽ സാധ്യതയുണ്ടായിരുന്നുള്ളൂ.
ആദ്യ ശ്രമത്തിൽത്തന്നെ 90.46 മീറ്റർ ദൂരം പിന്നിട്ട നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ, അവസാന ശ്രമത്തിൽ 90.54 മീറ്റർ ദൂരം കണ്ടെത്തി സ്വർണം നിലനിർത്തി. ഫൈനലിൽ പീറ്റേഴ്സൻ മൂന്നു തവണ 90 മീറ്റർ ദൂരം പിന്നിട്ടു. 2019ൽ 86.89 മീറ്റർ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്സൻ സ്വർണം നേടിയത്. ടോക്കിയോ ഒളിംപിക്സിൽ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്‌ലെജ് വെങ്കലം നേടി.ഇതോടെ, ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇന്ത്യയുടെ ഒരേയൊരു മെഡൽ.
അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10–ാം സ്ഥാനത്തോടെ മെഡൽ പോരാട്ടത്തിൽനിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ ദൂരം കണ്ടെത്തി അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തിൽ 86.37 മീറ്റർ ദൂരം കണ്ടെത്തി നീരജ് നാലാം സ്ഥാനത്തെത്തി. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റർ കണ്ടെത്തിയത്.
മൂന്നാം റൗണ്ടിനു പിന്നാലെ മത്സരിക്കുന്ന 12 പേരിൽ ഏറ്റവും മോശം പ്രകടനം നടത്തിയ നാലു പേർ പുറത്തായി. ഇക്കൂട്ടത്തിലാണ് 10–ാം സ്ഥാനവുമായി രോഹിത്തും മടങ്ങിയത്. ശേഷിക്കുന്ന എട്ടു പേർക്കായി നൽകിയ മൂന്ന് അവസരങ്ങളിലെ ആദ്യ ശ്രമത്തിലാണ് നീരജ് ചോപ്ര 88.13 മീറ്റർ ദൂരത്തേക്ക് ജാവലിൽ പായിച്ചത്. ഇതോടെ താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അവസാന ശ്രമം ഫൗളായതോടെയാണ് നീരജ് വെള്ളിയിൽ ഒതുങ്ങിയത്. അവസാന ശ്രമത്തിൽ ആൻഡേഴ്സൻ പീറ്റേഴ്സൻ 90.54 മീറ്റർ കണ്ടെത്തി ആധികാരികമായി സ്വർണം നേടി.