September 9, 2024

ഇന്ന് മുതല്‍ ഈ ഉത്പന്നങ്ങള്‍ക്ക് വില കൂടും ; ചില്ലറ വില്‍പ്പനയ്ക്ക് നികുതിയില്ല : അറിയേണ്ടതെല്ലാം

1 min read
Share


ഇന്ന് മുതല്‍ അരി അടക്കം നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില കൂടുന്നത്. അതേസമയം ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകുപ്പ്. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതിയെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.

അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കു മാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച്‌ പരോക്ഷനികുതി ബോര്‍ഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് ഇന്ന് മുതല്‍ വില വര്‍ധിക്കുന്നത്.

അരിയടക്കമുള്ള ചില്ലറയായി വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വില കയറുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെയാണ് ജിഎസ്ടി വകുപ്പ് വ്യക്തത വരുത്തിയത്.

വില കൂടുന്നവ

പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം ഇന്ന് മുതല്‍ അഞ്ചുശതമാനം ജിഎസ്ടി

പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്ബുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി

ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി

5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി

ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി

സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%.

എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്ബ്, സൈക്കിള്‍ പമ്ബ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം നികുതി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.