വയനാട്ടിൽ മരുന്ന് ക്ഷാമം രൂക്ഷം: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
മാനന്തവാടി : വയനാട്ടിലെ മരുന്ന് ക്ഷാമം രൂക്ഷമായതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാനന്തവാടി മെഡിക്കൽ കോളേജിന് മുമ്പിൽ ധര്‍ണ നടത്തി.
ജില്ലയില്‍ പനി, വയറിളക്ക പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ വയനാട് മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും മാസങ്ങളായി അവശ്യ മരുന്നുകള്‍ പലയിടത്തും ലഭിക്കാത്ത സ്ഥിതിയിലാണെന്നും മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിലകൂടിയ മരുന്നുകള്‍ പലതും കാരുണ്യ ഫാര്‍മസികളിലും ലഭ്യമല്ല. സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതാണ് മഴക്കാല രോഗങ്ങളുടെ കാലത്ത് ജനം മരുന്നിനായി നെട്ടോട്ടമോടാൻ ഇടയാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കും കാരുണ്യ ഫാര്‍മസികളിലേക്ക് മരുന്ന് നല്‍കുന്നത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആണ്. വര്‍ഷാ വര്‍ഷം ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ സാധാരണ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാകാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് അനിശ്ചിതമായി നീളുകയാണ്.
ടെന്‍ഡറില്‍ വലിയ മരുന്ന് കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി ഭരണപക്ഷക്കാര്‍ ലാഭം കൊയ്യാനുളള നടപടിയാണ് നടത്തുന്നത്. മരുന്നില്‍ ക്രമക്കേട് നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കവും, പാവങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ഉടനടി സൗജന്യ മരുന്ന് വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന്റെ ഭാഗമായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് നടത്തി ദ്രുതഗതിയില്‍ ലാഭം കൊയ്യാനുള്ള തിരക്കിലാണ് സംസ്ഥാനം ഭരണക്കാര്‍.ജനങ്ങളുടെ വോട്ട് വാങ്ങിച്ച് പോയി നാട് ഭരിക്കാന്‍ അറിയാത്ത സര്‍ക്കാര്‍ രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലെതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍.കെ.വര്‍ഗ്ഗീസ് സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.
എ.എം.ശാന്തകുമാരി, ലൗലി ഷാജു, ഉഷ വിജയന്‍, റോസമ്മ ബേബി, ജോയ്‌സി ഷാജു, മീനാക്ഷി രാമന്‍, സ്വപ്ന ബിനോയി, ആന്‍സി മാത്യു, സൗജ സി.എച്ച്, വസന്ത.ഇ, എന്നിവര്‍ സംസാരിച്ചു.