അടിസ്ഥാന സൗകര്യങ്ങളില്ല; ഗോദാവരി കോളനിവാസികൾ ട്രൈബൽ ഓഫീസിൽ പ്രതിഷേധവുമായി രംഗത്തെത്തി
1 min readതലപ്പുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഗോദാവരി കോളനിവാസികൾ തവിഞ്ഞാൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ സമരവുമായി എത്തി. 2000 മുതൽ കോളനിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് വനാവകാശരേഖകൾ ലഭിക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോളനിവാസികൾ സമരവുമായി എത്തിയത്.
തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് അംഗം പി.എസ്.മുരുകേശൻ്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ കോളനിവാസികൾ ട്രൈബൽ ഓഫീസിൽ എത്തിയത്. കോളനിയിൽ നിലവിൽ താമസിക്കുന്ന ഷെഡുകൾ ചോർന്നൊലിക്കുന്നത് മൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ഓഫീസിൽ താമസിക്കുമെന്നും ഇവർ അറിയിച്ചു.
തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം.ജി ബിജു. ലൈജി തോമസ്, ടി.കെ.ഗോപി, ജോണി മറ്റത്തിലാനി, സുരേഷ് പാലോട്ട് എന്നിവർ തവിഞ്ഞാൽ ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ കെ. സുരേഷ്കുമാർ, മാനന്തവാടി ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ.ദിലീപ്കുമാർ എന്നിവരുമായി
ഈ വിഷയത്തിൽ ചർച്ച നടത്തി. കോളനിയിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും സമയബന്ധിതമായി പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് കോളനിവാസികൾ പിരിഞ്ഞുപോയി.