ഇന്ത്യയില്‍ കുടിവെള്ളത്തില്‍ വിഷ രാസവസ്തുവായ നോനില്‍ഫിനോള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട്
ഇന്ത്യയില്‍ കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ നോനില്‍ഫിനോള്‍ എന്ന രാസവസ്തു കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട്. അനുവദനീയമായ പരിധിയേക്കാള്‍ 29 മുതല്‍ 81 മടങ്ങ് വരെ കൂടുതലാണ് ഈ വിഷ രാസവസ്തുവിന്റെ സാന്നിധ്യമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
പഞ്ചാബിലെ ബത്തിന്‍ഡ ജില്ലയിലെ ഒരു കുഴല്‍ക്കിണര്‍ വെള്ളത്തിന്റെ സാമ്പിളിലാണ് നോനില്‍ഫിനോളിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയത്. 80.5 പിപിബി നോനില്‍ഫിനോളാണ് ഇവിടുത്തെ വെള്ളത്തില്‍ ഗവേഷകര്‍ കണ്ടത്. കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ന്യൂഡല്‍ഹിയിലെ ശ്രീറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലേക്ക് അയച്ചാണ് പഠനം നടത്തിയത്.
കീടനാശിനികളിലടക്കം ഫോര്‍മുലന്റ് ആയി ഉപയോഗിക്കുന്ന ഒന്നാണ് നോനില്‍ഫിനോള്‍. മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററും ആണ് ഇത്. കുടിവെള്ളത്തിലൂടെ ഈ രാസവസ്തു ദിവസവും ശരീരത്തില്‍ പ്രവേശിക്കുന്നത് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീയുഷ് മഹപത്ര പറഞ്ഞു.
യൂറോപ്യന്‍ യൂണിയനും യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഈ രാസവസ്തുവിന്റെ അപകടസാധ്യതകള്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഡിറ്റര്‍ജന്റുകള്‍ ഉള്‍പ്പെടെയുള്ള പല ഉല്‍പ്പന്നങ്ങളിലെയും രാസവസ്തുക്കള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളും കൊണ്ടുവന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.