കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ ബസ്സുകൾ നിർത്തുന്നത് തോന്നും പോലെ ; ദുരിതം പേറി യാത്രികർ
കൽപ്പറ്റ : കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സുകളും കെഎസ്ആർടിസി ബസുകളും തോന്നും പോലെ നിർത്തി ആളെ കയറ്റുന്നത് യാത്രികരെ ദുരിതത്തിലാക്കുന്നു. മഴ കനത്തതോടെ കൈക്കുഞ്ഞുങ്ങളുമായി വരുന്നവരും പ്രായമായവരും വല്ലാതെ ബുദ്ധിമുട്ടുകയാണ്.
സ്റ്റാൻഡിനകത്ത് ഓരോ ഭാഗത്തേക്കുമുള്ള ബസുകൾ എവിടെ നിർത്തിയാണ് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മഴയത്തു പോലും ഇതൊന്നും പാലിക്കുന്നില്ല. ഒരേ സമയം പല ഭാഗത്തു നിന്നും വരുന്ന ബസുകൾ സ്റ്റാൻഡിൽ പലയിടത്തും നിർത്തുമ്പോൾ യാത്രക്കാർ ബസിൽ കയറാൻ നെട്ടോട്ടമോടുകയാണ്.
സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള ഇരിപ്പിടങ്ങൾ ഉണ്ടെങ്കിലും ബസ് എവിടെ നിർത്തും എന്ന് അറിയാത്തതിനാൽ പലരും ബസ് വരുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയാണ്. ആശുപത്രികളിലേക്കു പോകുന്ന സാധാരണക്കാരായ രോഗികളും ഏറെ ബുദ്ധിമുട്ടുന്നു.
കോഴിക്കോട്, തൃശൂർ, എറണാകുളം, മാനന്തവാടി, ബത്തേരി, മൈസൂരു, ബെംഗളൂരു, വടുവൻചാൽ, കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ളവരൊക്കെ എത്തുന്നത് ഈ സ്റ്റാൻഡിലാണ്. ബസ്സുകൾ നിശ്ചിത സ്ഥാനത്ത് നിർത്തുന്നില്ലെന്ന് കാണിച്ച് യാത്രക്കാർ ആർ.ടി.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.