December 3, 2024

മാനന്തവാടി പുഴയിൽ തലയറ്റരീതിയിൽ കണ്ടെത്തിയ മൃതദേഹം കേണിച്ചിറ സ്വദേശിയുടേതെന്ന് സൂചന ; മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു

Share

മാനന്തവാടി: ഉടലിൽ നിന്നും തലയറ്റ രീതിയിൽ മാനന്തവാടി ചങ്ങാടക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം കേണിച്ചിറ സ്വദേശിയുടേതെന്ന് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് ഭാഗത്ത് നിന്നും കേണിച്ചിറ വന്ന് താമസമാക്കിയ സുലൈമാനാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം ഏകദേശം തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ബുധനാഴ്ച രാവിലെയാണ് ചങ്ങാടക്കടവ് പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലായിരുന്നു കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചത്.

മാനന്തവാടി ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച പോലീസ് ജൂൺ 29 ന് രാത്രി 8.30 ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തെ സി.സി.ടി.വി.യിൽ പതിഞ്ഞയാളാണ് മരിച്ചതെന്ന നിഗമനത്തിലാണ്. ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസും സമീപത്തുള്ള ബേക്കറിയിലുള്ളവരും സ്ഥാപിച്ച ക്യാമറയിൽ നടന്നുനീങ്ങുന്ന ഒരാളെ കാണാം. നടക്കാൻ പ്രയാസമുള്ള രീതിയിലാണ് ഇദ്ദേഹം നടന്നുപോകുന്നത്. പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിൽ കാലിന് മുറിവുള്ളതായും ബാൻഡേജ് ചുറ്റിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് സുലൈമാനിലേക്ക് എത്തി നിൽക്കുന്നത്.

ബന്ധുക്കളെ ഉപേക്ഷിച്ച് വന്ന സുലൈമാൻ കേണിച്ചിറയിലെ ഒരു വീട്ടില്‍ ജോലിക്കാരനായി തുടരുകയായിരുന്നു. കാലിന് വെരിക്കോസ് വെയിനും മറ്റും വന്നതിനാല്‍ മുറിവില്‍ ബാന്‍ഡേജുമിട്ടായിരുന്നു നടന്നിരുന്നത്. ശാരീരിക അവശതയെ തുടര്‍ന്ന് ഇദ്ദേഹം ജൂണ്‍ 28 ന് മാനന്തവാടി ഭാഗത്തേക്ക് വന്നതായാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് 29 ന് ബസ് സ്റ്റാന്റ് പരിസരത്തെ സിസി ടിവിയില്‍ ഇദ്ദേഹം നടന്നു പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും, സാധന സാമഗ്രികളും തന്നെയാണ് സിസി ടിവി ദൃശ്യത്തിലും വ്യക്തമായിരുന്നത്.

ഈ ദൃശ്യത്തിന്റെ സഹായത്തോടെയാണ് സുലൈമാനെ പോലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ടു വന്ന ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുകയും, ശേഷം ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.

പാലത്തിന്റെ കൈവരിയിൽ കയർ കണ്ടെത്തിയിരുന്നു. കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. വിവിധ സ്റ്റേഷനുകൾ വഴി പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അടുത്തദിവസങ്ങളിൽ കാണാതായവരുടെ ചില കുടുംബാംഗങ്ങൾ സ്റ്റേഷനിലെത്തി കാര്യങ്ങൾ അന്വേഷിച്ചെങ്കിലും മൃതദേഹവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചില്ല. അജ്ഞാതമൃതദേഹം ലഭിച്ചാൽ ആളെ തിരിച്ചറിയാനുള്ള സാധ്യതപരിഗണിച്ച് ഒന്നോ രണ്ടോ ദിവസം മോർച്ചറിയിൽ സൂക്ഷിച്ചശേഷം പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് നീങ്ങുന്നതാണ് പോലീസിന്റെ രീതി. തലയറ്റുപോയതിനാലാണ് കോഴിക്കോട്ടേക്ക് അയച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.