മാനന്തവാടി പുഴയിൽ തലയറ്റരീതിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; അന്വേഷണം സിസി ടിവി കേന്ദ്രീകരിച്ചും : മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയച്ചു

മാനന്തവാടി: ഉടലിൽനിന്നും തലയറ്റരീതിയിൽ മാനന്തവാടി ചങ്ങാടക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ബുധനാഴ്ച രാവിലെയാണ് ചങ്ങാടക്കടവ് പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. പാലത്തിന്റെ കൈവരിയിൽ കയർ കണ്ടെത്തിയിരുന്നു.
കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. വിവിധ സ്റ്റേഷനുകൾ വഴി പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അടുത്തദിവസങ്ങളിൽ കാണാതായവരുടെ ചില കുടുംബാംഗങ്ങൾ സ്റ്റേഷനിലെത്തി കാര്യങ്ങൾ അന്വേഷിച്ചെങ്കിലും മൃതദേഹവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചില്ല. അജ്ഞാതമൃതദേഹം ലഭിച്ചാൽ ആളെ തിരിച്ചറിയാനുള്ള സാധ്യതപരിഗണിച്ച് ഒന്നോ രണ്ടോ ദിവസം മോർച്ചറിയിൽ സൂക്ഷിച്ചശേഷം പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് നീങ്ങുന്നതാണ് പോലീസിന്റെ രീതി. തലയറ്റുപോയതിനാലാണ് കോഴിക്കോട്ടേക്ക് അയച്ചത്.
മാനന്തവാടി ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. 29-ന് രാത്രി 8.30-ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തെ സി.സി.ടി.വി.യിൽ പതിഞ്ഞയാളാണോ മരിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസും സമീപത്തുള്ള ബേക്കറിയിലുള്ളവരും സ്ഥാപിച്ച ക്യാമറയിൽ നടന്നുനീങ്ങുന്ന ഒരാളെ കാണാം. നടക്കാൻ പ്രയാസമുള്ള രീതിയിലാണ് ഇദ്ദേഹം നടന്നുപോകുന്നത്. പുഴയിൽനിന്ന് ലഭിച്ച മൃതദേഹത്തിൽ കാലിന് മുറിവുള്ളതായും ബാൻഡേജ് ചുറ്റിയതായും പോലീസ് കണ്ടെത്തിയിരുന്നു.
എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർ മാനന്തവാടി പോലീസിനെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ: 04935 240232, 9497980816.
